കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ; നിലപാട് വ്യക്തമാക്കി പി പി മുകുന്ദൻ

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് പി പി മുകുന്ദൻ.തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയത്തിൻ്റെ കാരണം ശക്തമായ സംഘടനാ ദൗർബല്യം. പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന പഴയ തലമുറയിൽപെട്ടവരെ അവഗണിക്കുന്നത് ശരിയായ നടപടി ക്രമമല്ലെന്നും പി പി മുകുന്ദൻ പറഞ്ഞു. പാർട്ടിയുടെ കെട്ടുറപ്പിൻ്റെ അടിസ്ഥാനമായ ഗതി നിർണയിക്കുന്ന ബൂത്ത് കമ്മിറ്റികൾ പലതും നിർജീവമാണ്. പണവും സ്വാധീനവും മാത്രം കൈമുതലാക്കി ഒരു രാഷ്ട്രീയ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

35 സീറ്റുകൾ ലഭിച്ച് അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷൻ വിളിച്ചുകൂവുന്നത് ശരിയല്ല. ഇ ശ്രീധരനെ മുഖ്യമന്ത്രിയുടെ ലേബലിൽ പ്രതിഷ്ഠിച്ചതും വീഴ്ചയാണ്.തെറ്റ്തിരുത്തി മുന്നോട്ടു പോയാൽ വരും തിരഞ്ഞെടുപ്പുകളിലെങ്കിലും ബിജെപിക്ക് പ്രതീക്ഷ പുലർത്താമെന്നും പി പി മുകുന്ദൻ അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ പി പി മുകുന്ദനുമായി സംസാരിച്ചപ്പോൾ.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

പാർട്ടി പുന:സംഘടന വൈകാതെയുണ്ടാകുമോ?

പാർട്ടി പുന:സംഘടന വൈകാതെയുണ്ടാകുമോ?

കേന്ദ്രം തീരുമാനിച്ചിട്ടുള്ള കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണനാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടത്. സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം തീരുമാനമെടുക്കും. ആരെയും പുറത്താക്കാതെ പുനസംഘടന നടത്തുന്നത് ഉചിതമായിരിക്കും എന്നാണ് വ്യക്തിപരമായ അഭിപ്രായം. പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന പഴയതലമുറയിൽപ്പെട്ടവരെയും പുതിയ തലമുറയിൽപ്പെട്ടവരെയും ഉൾകൊള്ളിക്കുന്നത് നന്നായിരിക്കും. എല്ലാവരെയും ചേർത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോയാൽ മാത്രമേ സംഘടന ശക്തിപ്പെടുകയുള്ളൂ. പാർട്ടിയിൽ മികച്ച രീതിയിൽ വർക്ക് ചെയ്യുന്ന ആളുകളെ കണ്ടെത്തി നല്ല പരിശീലനം നൽകണം. ഇനി മൂന്ന് കൊല്ലം കഴിഞ്ഞ ശേഷമേ പാർലമെൻറ് തിരഞ്ഞെടുപ്പ് വരികയുള്ളൂ. തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോയാൽ പാർട്ടിക്കും പ്രസ്ഥാനത്തിനും അത് വലിയ മുതൽക്കൂട്ടാകും.

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കേണ്ടതുണ്ടോ?

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കേണ്ടതുണ്ടോ?

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണോ എന്നതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി കേന്ദ്രനേതൃത്വമാണ്. തനിക്ക് അക്കാര്യത്തിൽ ഒരു ചുമതലയും പാർട്ടി നൽകിയിട്ടില്ല. ഇതിൽ അഭിപ്രായം പറയുന്നതിൽ ഒട്ടും യുക്തിയില്ല. പാർലമെൻറ് തിരഞ്ഞെടുപ്പ് മൂന്നുവർഷത്തിനുശേഷം ഉണ്ട്. അഞ്ചു കൊല്ലത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. കാര്യങ്ങൾ കേന്ദ്രനേതൃത്വം അനുചിതമായി ആലോചിച്ചു തീരുമാനിക്കട്ടെ.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിപതറാൻ കാരണമെന്ത്?

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിപതറാൻ കാരണമെന്ത്?

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഇടതു പക്ഷവും വലതു പക്ഷവും ചെയ്യുന്നത് പോലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമ്പേ പരാജയമാണ് ബിജെപി. പ്രാദേശികമായി ബിജെപിക്കുള്ള സ്വാധീനം വളരെ കുറവാണ്. അത് മെച്ചപ്പെടുത്തിയാൽ മാത്രമേ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പാർട്ടിക്ക് നിലനിൽപ്പുണ്ടാകൂ. നാലോ അഞ്ചോ പഞ്ചായത്ത് ഒഴികെ ബാക്കിയെല്ലാം ഇടതുമുന്നണിയുടെ കൈവശമാണുള്ളത്. ബൂത്ത് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം എന്ന് മാത്രമല്ല, പാർട്ടി പ്രവർത്തനം പോലും ബിജെപിയിൽ നിർജീവമാണ്. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന ഉപാധികൾ ബിജെപിയുടെ കൈവശമില്ല. ഇത് ഒരു പരിധിവരെ പാർട്ടിയെ പിന്നോട്ട് വലിക്കുന്നു.

നേമത്തെ കണക്കുകൂട്ടലുകൾ പാളിയത് എങ്ങനെ?

നേമത്തെ കണക്കുകൂട്ടലുകൾ പാളിയത് എങ്ങനെ?

പാർട്ടി നല്ലരീതിയിൽ നേമത്ത് പ്രവർത്തിച്ചതിൻ്റെ ഭാഗമായിട്ടാണ് രാജഗോപാൽ എന്ന ഞങ്ങളുടെ രാജേട്ടൻ 2016 ൽ വിജയിച്ചത്. നേമത്ത് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം തന്നെ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്.അതിനെക്കുറിച്ച് കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല.''പെട്ടെന്ന് ഒരു സ്ഥാനാർഥി വന്ന് ഒരു നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ നിൽക്കുന്നതും ഒരു സ്ഥാനാർഥി അവിടെ 365 ദിവസവും പ്രവർത്തിച്ചശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട് ''. അതാണ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംഭവിച്ചത്. കഴക്കൂട്ടത്തും കാട്ടാക്കടയിലും നേമത്തുമൊക്കെയുണ്ടായ കാഴ്ചകൾ ഇതാണ്. ദേശീയ നേതാക്കൾ കേരളത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വന്നിട്ട് കാര്യമില്ല. ഓരോരോ ജില്ലകളുടെ ചുമതല പ്രധാനപ്പെട്ടവർക്ക് നൽകിക്കൊണ്ട് തന്നെ മുഴുവൻ സമയം അക്കൂട്ടർ അവിടെ പ്രവർത്തിക്കാൻ ഉണ്ടാകണം. എവിടെയൊക്കെയാണ് പോരായ്മ എന്ന് കണ്ടെത്തി, തിരുത്താനുള്ളത് തിരുത്തി തന്നെ മുന്നോട്ടു പോകണം. അല്ലാതെ പ്രവർത്തിച്ചിട്ട് എന്ത് കാര്യം?

 വോട്ട് ചോർച്ച ഉണ്ടായതെവിടെയൊക്കെ?

വോട്ട് ചോർച്ച ഉണ്ടായതെവിടെയൊക്കെ?

ഉദാഹരണത്തിന്, പാലക്കാട് ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹം. പാലക്കാട് മുനിസിപ്പാലിറ്റിയും ബിജെപിയാണ് ഭരിക്കുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അദ്ദേഹം പരാജയപ്പെട്ടു. മുൻപുള്ള പല തെരഞ്ഞെടുപ്പുകളിലും മികച്ച വോട്ടുകൾ പലയിടങ്ങളിലും ബിജെപി പിന്നോട്ടുപോയി.തിരുവനന്തപുരം കോർപ്പറേഷനിലെ 21 വാർഡുകളിൽ പ്രതീക്ഷിച്ച വോട്ടുകൾ പോലും കിട്ടാതെ പാർട്ടി പിന്തള്ളപ്പെട്ടു. എറണാകുളത്തെ തൃപ്പൂണിത്തുറയിലും ഇതാണ് അവസ്ഥ. സംഘടനയുടെ ദൗർബല്യമാണ് പ്രകടമാകുന്നത്. അടിസ്ഥാനപരമായി മികച്ച സംഘടനാ സംവിധാനമുള്ള ബൂത്ത് കമ്മറ്റി ഉണ്ടെങ്കിൽ മാത്രമേ ബിജെപി കേരളത്തിൽ ഏതൊരു മണ്ഡലത്തിലും വിജയിക്കൂ. പണവും സ്വാധീനവും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്കൊപ്പമുള്ള സാമൂഹ്യപരമായ ഇടപെടലും പ്രധാനമാണ്.

35 സീറ്റുകൾ ലഭിക്കുമെന്ന് കൊട്ടിഘോഷിച്ചത് വിനയായോ?

35 സീറ്റുകൾ ലഭിക്കുമെന്ന് കൊട്ടിഘോഷിച്ചത് വിനയായോ?

35 സീറ്റുകൾ ലഭിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് സംസ്ഥാന അധ്യക്ഷൻ വിളിച്ചുപറഞ്ഞത്. പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന രീതിയിൽ വേണ്ടേ നേതാക്കൾ പ്രവർത്തിക്കാൻ. ആ പ്രസ്താവന പോലും ശരിയല്ല. മുഖ്യമന്ത്രി ആരാണെന്ന് പാർട്ടി തീരുമാനിക്കുന്നു. അത് വലിയ തോതിൽ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.അദ്ദേഹത്തെ പാർട്ടി ആ ലേബലിൽ പ്രതിഷ്ഠിക്കുന്നു. അങ്ങനെയൊന്നും ആദ്യമേ പറയാൻ പാടില്ലല്ലോ? എവിടെയാണ് പിഴച്ചത് എന്ന് നേതാക്കൾ തന്നെ വിലയിരുത്തട്ടെ!. "നിരവധി ദേശീയ നേതാക്കൾ കേരളത്തിലേക്ക് വരുന്നു, അവർ പ്രസംഗിക്കുന്നു, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നു,വാർത്താ സമ്മേളനങ്ങൾ വിളിക്കുന്നു, തിരിച്ചു പോകുന്നു എന്നതിലുപരി എന്ത് കാര്യങ്ങളാണ് ഇവിടെ ബിജെപി ചെയ്യുന്നത്. വലിയ ആർഭാടമായി പണം ചിലവഴിച്ചു എന്നതിൽ കാര്യമെന്ത്. സ്ഥാനാർത്ഥി പ്രഖ്യാപനം തീരുമാനിച്ചതിൽ പോലും വീഴ്ചയുണ്ടായി. നല്ല രീതിയിൽ നേതാക്കളും പ്രവർത്തകരും ജോലി ചെയ്തിരുന്നുവെങ്കിൽ ഉറപ്പായും നാലോ അഞ്ചോ സീറ്റിൽ ലഭിച്ചേനെ''.

കെ സുധാകരൻ കോൺഗ്രസിനെ പുതുക്കി പണിയുമോ?

കെ സുധാകരൻ കോൺഗ്രസിനെ പുതുക്കി പണിയുമോ?

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നത് കോൺഗ്രസിന് ഗുണം ചെയ്യും. ഇത് ബിജെപിക്ക് തിരിച്ചടിയാകും എന്ന് പറയുന്നത് ശരിയല്ല. മുല്ലപ്പള്ളിയും ചെന്നിത്തലയും ഉണ്ടായിരുന്നപ്പോൾ 49 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. ബിജെപിയെ പോലെ തന്നെ യുഡിഎഫും ചിന്തിക്കേണ്ടതാണ്. 99 സീറ്റ് ഇക്കുറി ഇടതുമുന്നണിക്ക് ലഭിച്ചല്ലോ. ഒരു പുനർവിചിന്തനത്തിന് യുഡിഎഫ് തയ്യാറാകട്ടെ. ഇടതുമുന്നണിയും യുഡിഎഫിനെതിരെ എങ്ങനെ പ്രവർത്തിക്കണമെന്നതിൽ ബിജെപിക്ക് കൃത്യമായ ബോധ്യമുണ്ടായാൽ നല്ലതായിരിക്കും. ഇതിൽ കൂടുതൽ പറയാനില്ല - പി പി മുകുന്ദൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

English summary
PP Mukundan, a senior leader of the BJP, slammed the state leadership. PP Mukundan said it was not the right course of action to ignore the older generation who worked tirelessly for the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X