'ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ': ഓസ്ട്രേലിയയിലെ ഒരു മലയാളി വിദ്യാർത്ഥിക്ക് പറയാനുള്ളത്
കാനഡയില്‍ വിദേശ വിദ്യാർത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച നിരവധി റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് ന്യൂസ് 18 കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു റിപ്പോർട്ട്. കാനഡയിലേത് മാത്രമല്ല, സമാനമായ രീതിയില്‍ യുകെയും ഓസ്ട്രേലിയയും പോലുള്ള മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും റിപ്പോട്ടില്‍ പറയുന്നു.
കേരളത്തില്‍ നിന്നടക്കമുള്ള വിദ്യാർത്ഥികളുടെ അനുഭവങ്ങളാണ് റിപ്പോർട്ടില്‍ പ്രധാനമായും പരാമർശിക്കുന്നത്. അക്ഷയ് (പേര് യഥാർത്ഥമല്ല) എന്ന മലയാളി യുവാവിന് നിത്യ ചിലവുകള്‍ക്ക് നാട്ടിലെ ഇടത്തരക്കാരായ കുടുംബത്തില്‍ നിന്നും പണം വാങ്ങിക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഫീസിന്റെ ഭൂരിഭാഗവും സ്കോളർ ഷിപ്പായി ലഭിക്കുമ്പോഴാണ് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

"ഞാൻ ന്യൂറോ സയൻസിൽ ബിരുദം നേടി ഹെൽത്ത് സയൻസിൽ ബിരുദാനന്തര ബിരുദം പഠിക്കുകയാണ്. എന്റെ നിലവിലെ വാർഷിക അക്കാദമിക് ഫീസ് സമാനമായ കോഴ്സുകൾക്ക് യുഎസ് അല്ലെങ്കിൽ കാനഡ ആസ്ഥാനമായുള്ള കോളേജുകൾ ഒരു മാസത്തിൽ ഈടാക്കുന്ന ഫീസിന് തുല്യമാണ്. ഉയർന്ന രീതിയുള്ള മാർക്കുകള്‍ ഉള്ളതിനാല്‍ തന്നെ അക്കാദമിക് ട്യൂഷൻ ഫീസ് കുറയ്ക്കുന്ന ഒരു സ്കോളർഷിപ്പ് ഉറപ്പാക്കാൻ എന്നെ സഹായിച്ചു. എന്നിട്ടും എനിക്ക് ജീവിതച്ചെലവ് ശരിയായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, "മൂന്നാം വർഷ കോഴ്സ് പഠിക്കുന്ന അക്ഷയ് പറയുന്നു.
2022 ജനുവരി മുതൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിച്ച അക്ഷയ് പറയുന്നത്, വിദ്യാർത്ഥികളുടെ വരവ് കൂടിയതോടെ വാടകയും മറ്റ് ജീവിതച്ചെലവുകളും "എക്കാലത്തെയും ഉയർന്ന നിലയിലാണ്" എന്നാണ്. ഷെയർ റൂമുകള്‍ക്ക് പോലും മാസം 400 ഓസ്ട്രേലിയന്‍ ഡോളർ ചിലവാകും. അതായത് 21000 ത്തിലേറെ ഇന്ത്യന്‍ രൂപ. ഒറ്റക്ക് ഒരു മുറി വേണമെങ്കില്‍ പ്രാന്തപ്രദേശങ്ങളിലേക്ക് പോകേണ്ടിവരും. അവിടെ മുറിയുടെ വാടക കുറവായിരിക്കുമെങ്കിലും, തന്റെ സർവ്വകലാശാലയിലെത്താൻ രണ്ട് മണിക്കൂർ വേണ്ടി വരുമെന്നും വിദ്യാർത്ഥി പറയുന്നു.
ന്യൂറോ സയൻസിൽ ഗവേഷണം നടത്തുന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നതിനാൽ, പാർട് ടൈം ജോലിക്ക് കുറച്ച് സമയം മാത്രമേ കണ്ടെത്താന്‍ സാധിക്കുന്നുള്ളു. കൂടുതല്‍ സമയവും പഠനത്തിന് ചിലവഴിക്കേണ്ടി വരുന്നു. കോഴ്‌സിന് ശേഷം സാധ്യതകളുണ്ടെങ്കിലും, ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണം ഒഴിവാക്കുകയും സൗജന്യ കഫറ്റീരിയ കോഫിയെ ആശ്രയിക്കുകയും ചെയ്യുന്നത് അക്ഷയ്‌ക്കും സുഹൃത്തുക്കൾക്കും ഒരു ദിനചര്യപോലെയാണ്.
ഭൂരിഭാഗവും പഠനത്തിനായി സമയം നീക്കിവയ്ക്കുന്നതിനാല്‍ രാത്രി ഉറക്കമൊഴിഞ്ഞുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നുവരുമുണ്ട്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നു. നിയമവിരുദ്ധമായ രീതിയില്‍ ജോലി ചെയ്യുന്നവരും കുറവല്ല. ഇത് വിദ്യാർത്ഥികളുടെ വിസ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, തൊഴിലുടമയെ തൊഴിൽ നിയമ അധികാരികളുടെ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
യുകെ, കാനഡ എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്. താമസമാണ് കാനഡയില്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. അടുത്തിടെ വലിയ കുതിച്ച് ചാട്ടമാണ് ഈരംഗത്തെ ചിലവുകളില്‍ ഉണ്ടായിരിക്കുന്നത്. "മുൻകൂട്ടി വീടുകൾ അന്വേഷിക്കാൻ വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുക്കാം, എന്നിരുന്നാലും, ചിത്രങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവിടെയുള്ള വീടുകൾ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മൂട്ടകളുടെ പ്രശ്നങ്ങൾ വളരെ സാധാരണമാണ്. എത്ര പേർ ബാത്ത്‌റൂം പങ്കിടും, ഏത് തരത്തിലുള്ള ബഗുകൾ ഉണ്ട്, എന്നിവയെല്ലാം പ്രോപ്പർട്ടി സന്ദർശിച്ചതിന് ശേഷം മാത്രമേ അറിയാൻ കഴിയൂ, "ഒരു വിദ്യാർത്ഥിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള മുഴുവൻ സമയ ജീവനക്കാരെയാണ് ഭൂരിഭാഗം ഉടമകളും താല്‍പര്യപ്പെടുന്നത് എന്നതിനാൽ ഒരു വീട് കണ്ടെത്താൻ ബ്രോക്കർമാരുടെ സഹായവും കിട്ടാന്‍ സാധ്യത കുറവാണ്. സമീപ മാസങ്ങളിൽ വാടകയിൽ വന് വർധനവുണ്ടായിട്ടുണ്ട്, ടൊറന്റോ പോലുള്ള പ്രധാന നഗരങ്ങളിലെ സ്ഥിതിയാണ് ഏറെ മോശം. യൂണിവേഴ്‌സിറ്റിയിലെ താമസസൗകര്യങ്ങൾ പരിമിതമാണെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.












Click it and Unblock the Notifications