"പ്രേമലു 2വിനായി നസ്ലിൻ ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നത്, കൈപിടിച്ചുയർത്തിയ ആളുകളോട് അനുഭാവം കാട്ടിയില്ല"
പ്രേമലു 2വിൽ നിന്ന് നസ്ലിൻ ഗഫൂർ പിന്മാറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. ചിത്രം നടക്കാതിരിക്കാൻ കാരണം നസ്ലിന് തിരക്കഥ ഇഷ്‌ടപ്പെടാതെ പോയത് കൊണ്ടല്ലെന്നും പ്രതിഫല തർക്കമാണ് ഇതിന് പിന്നിലെന്നുമാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. യൂട്യൂബ് വീഡിയോയിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഒരു സിനിമാ കഥയെ വെല്ലുവിളിക്കുന്ന വിധം മാറിമറിയുന്ന ജീവിത മുഹൂർത്തങ്ങൾ ഉള്ള കഥയാണ് നസ്ലിൻ എന്ന 25 കാരന്റെ ജീവിതകഥ. 2019-ൽ റിലീസ് ആയ "മധുരരാജ" എന്ന ചിത്രത്തിൽ, ഒരു ജൂനിയർ ആർട്ടിസ്റ്റായി ആൾക്കൂട്ടത്തിൽ ഒരാളായി നിന്ന നസ്ലിനാണ് ഇന്ന് സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളോടൊപ്പം മത്സരിച്ച് വിജയത്തിലകം ചാർത്തി നിൽക്കുന്നത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിന്റെ ഇരട്ടക്കുട്ടികളാണ് നസ്ലിനും നഹാസും.

സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും ആഗ്രഹവും നസ്ലിനെ അഭിനയ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും, തന്റെ എൻജിനീയറിംഗ് വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് സിനിമ അഭിനയത്തിൽ സജീവമാവുകയും ചെയ്‌തു. മലയാള സിനിമയിൽ ഇരട്ടക്കുട്ടികളിൽ നിന്നൊരാൾ നായകനാകുന്നത് ആദ്യമായി നസ്ലിൻ ആണെന്ന് തോന്നുന്നു.
നസ്ലിന്റെയും ടൊവിനോയുടെയും സിനിമയിലേക്കുള്ള കടന്നുവരവിന് സമാനതകൾ ഏറെയുണ്ട്. എന്നാൽ ഇവർ രണ്ടുപേരുടെയും സ്വഭാവരീതികൾ തമ്മിൽ യാതൊരു സമാനതകളും ഇല്ലാത്തതാണ്. സംസാരത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരോടുള്ള സമീപനത്തിലും ഒക്കെ വളരെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തിത്വമാണ് ടൊവിനോയ്ക്കുള്ളത്. എന്നാൽ കാര്യങ്ങളെ വളരെ ലാഘവത്തോടെയും തമാശയോടെയും കാണുന്ന ആളാണ് നസ്ലിൻ.
സമ്പത്തും ഭാഗ്യവും ഒന്നിച്ച് ചേരുമ്പോഴാണ് നമ്മൾ കൂടുതൽ ജാഗരൂകരായി മുന്നോട്ട് നീങ്ങേണ്ടത്. നമുക്ക് സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വാർത്തകളിൽ ഇടംപിടിക്കുകയും, അത്തരത്തിൽ നമ്മൾ വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്യും. ഇപ്പോൾ നസ്ലിനെ കുറിച്ചുള്ള ചൂടേറിയ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് നസ്ലിനെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തപ്പെട്ടത്.
നസ്ലിന്റെ സിനിമാ ജീവിതയാത്രയിൽ നാഴികക്കല്ലായ ചിത്രമാണല്ലോ "പ്രേമലു". മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ചരിത്രവിജയം നേടി പണം വാരിയ ചിത്രം കൂടിയാണ്. "പ്രേമലു" എന്ന ഈ ചിത്രം 100 കോടി ക്ലബ്ബിൽ കടന്നുകയറി 150 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം കൂടിയാണ്. "പ്രേമലു"ന്റെ നിർമ്മാണ കമ്പനി ഭാവനാ സ്റ്റുഡിയോസ് ആണ്. ഈ ബാനർ തന്നെയാണ് ബെത്ലഹേം കുടുംബ യൂണിറ്റും നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒക്കെ പങ്കാളികളായ നിർമ്മാണ കമ്പനിയാണിത്.
ഈ ബാനറിൽ നിർമ്മിച്ച ഒട്ടുമിക്ക ചിത്രങ്ങളും പണം കൊയ്തെടുത്ത ചിത്രങ്ങളുമാണ്. "പ്രേമലു"വിന്റെയും "ബെത്ലഹേം കുടുംബ യൂണിറ്റിന്റെയും" സംവിധായകൻ എഡി ഗിരീഷ് ആണ്. ഈ സംവിധായകന്റെ സംവിധാനത്തിലുള്ള "കണ്ണീർമത്തൻ" സൂപ്പർ ശരണ്യ, "ഐ ആം കാതലൻ" എന്നീ ചിത്രങ്ങളിലും നസ്ലിൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ "പ്രേമലു"വിന് ശേഷം വന്ന "ഐ ആം കാതലൻ" എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് "പ്രേമലു"വിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ ഉരുത്തിരിയുന്നത്.
ഈ വിവരം "പ്രേമലു"വിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ചവരൊക്കെ അറിഞ്ഞപ്പോൾ അവരൊക്കെ അത്യധികം സന്തോഷിക്കുകയും, അതിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെയും നിർമ്മാണ ചുമതല ഭാവനാ സ്റ്റുഡിയോസ് തന്നെ ഏറ്റെടുക്കുന്നു എന്ന വാർത്തയും സ്ഥിരീകരിച്ചിരുന്നു. "പ്രേമലു"വിന് ശേഷം നസ്ലിം മലയാള സിനിമയിൽ അടയാളപ്പെടുത്തിയ ഒരു നടനായി മാറി. നസ്ലിന്റെ ആലപ്പുഴ ജിംഖാന എന്ന ചിത്രം ഒരുവിധം രക്ഷപ്പെട്ടു എങ്കിലും, മോളിവുഡ് ടൈംസ് എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനോടൊപ്പമുള്ള വരവ് നസ്ലിനെ 300 കോടി ക്ലബ്ബിലേക്ക് ഉയർത്തുകയായിരുന്നു. "പ്രേമലു"വിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ എഡി ഗിരീഷിന് വലിയ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു. കളക്ഷനിൽ "പ്രേമലു" ഒന്നാം ഭാഗത്തെ കടത്തിവിട്ടുമെന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. അതുപോലെ തന്നെ പ്രേക്ഷകരും ആ ചിത്രത്തിനുവേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു എന്ന് വേണം പറയാൻ.
ഏത് സിനിമയുടെയും രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോൾ അതിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച നടി-നടന്മാരുടെ സംഘകരണം അത്യന്താപേക്ഷിതമാണ്. ഇത് പറയുമ്പോൾ എനിക്ക് പഴയ ഒരു കാര്യം ഓർമ്മ വരികയാണ്. "ഇൻ ഹരിഹർ നഗർ" എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനുശേഷം കുറെ വർഷങ്ങൾ പിന്നിട്ടപ്പോഴാണ് സംവിധായകൻ ലാൽ അതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നത്. ഇതിനിടയിൽ നടൻ മുകേഷും സംവിധായകരായ സിദ്ധീഖ് ലാലും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ടായിരുന്നു. അവർ മാനസികമായി അകൽച്ചയിലും ആയിരുന്നു.
അതുകൊണ്ടുതന്നെ "ഹരിഹർ നഗറിന്റെ" രണ്ടാം ഭാഗത്തിൽ മുകേഷ് അഭിനയിക്കുമോ എന്ന ഒരു ആശങ്ക ലാലിന് ഉണ്ടായിരുന്നു. മുകേഷിന്റെ മനസ്സ് അറിഞ്ഞ ശേഷം പ്രോജക്റ്റുമായി മുന്നോട്ട് നീങ്ങാമെന്നും, മുകേഷ് വിസമ്മതിച്ചാൽ രണ്ടാം ഭാഗം എന്ന തീരുമാനത്തിൽ നിന്നും പിന്മാറാം എന്നും അവർ തീരുമാനിക്കുന്നു. അങ്ങനെ വലിയ പ്രതീക്ഷയൊന്നും വെക്കാതെ ലാൽ മുകേഷിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നു. അവിടെയാണ് ഒരു കലാകാരന്റെ സിനിമയോടുള്ള കമ്മിറ്റ്മെന്റ്സ് നാം മനസ്സിലാക്കേണ്ടത്.
തന്റെ വ്യക്തിപരമായ പിണക്കങ്ങളും വൈരാഗ്യവും ഒന്നും ചിത്രത്തോട് കാണിക്കാതെ, താൻ അത് ചെയ്തു തരാമെന്ന് ഏൽക്കുകയായിരുന്നു മുകേഷ്. അപ്പോൾ ലാൽ മുകേഷിനോട് പറഞ്ഞു, താൻ സഹകരിക്കില്ല എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഈ പ്രോജക്റ്റ് തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കാനായിരുന്നു പ്ലാൻ എന്ന്. മുകേഷ് അന്നത് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ, അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒന്നും നമുക്ക് കാണാൻ ഭാഗ്യമുണ്ടാകില്ലായിരുന്നു.
ഇനി "പ്രേമലു"വിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, സംവിധായകനും നസ്ലിമും തമ്മിൽ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല, അവർ തമ്മിൽ മാനസികമായി വലിയ അടുപ്പവും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് ഇതിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ "പ്രേമലു" രണ്ടാം ഭാഗം ഉപേക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് അതിന്റെ കാരണങ്ങൾ ഒന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ഈ അടുത്ത സമയത്ത് അതിന്റെ സംവിധായകനായ എഡി ഗിരീഷ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. അദ്ദേഹം പറയുന്നു, ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ എന്ന്. ഇത് കേട്ട പ്രേക്ഷകർ ഉടൻ തന്നെ രണ്ട് പക്ഷത്തായി നിലയുറപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. നസ്ലിന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല. അതൃപ്‌തി തോന്നി, അതുകൊണ്ടാണ് അത് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുക എന്നത് നസ്ലിമിന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവർ പറയുന്നുണ്ട്.
എന്നാൽ സംവിധായക പക്ഷത്തുള്ളവർ പറയുന്നു, ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിൽ എത്തിച്ചവരോട് നന്ദികേടാണ് കാണിച്ചത്. ഇവൻ അഹങ്കാരിയാണ് എന്നും മറ്റും. എന്നാൽ കാരണമായി ഞാൻ അറിഞ്ഞത് ഇതൊന്നുമല്ല. ഗിരീഷിന്റെ സ്ക്രിപ്റ്റിനെ നസ്ലിൻ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം അഭിനയിക്കുവാനും തയ്യാറായിരുന്നു. എന്നാൽ അതിനായി നസ്ലിൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി, അമ്പരന്നുപോയി.
സാധാരണ നടി-നടന്മാർ അവരെ കൈപിടിച്ച് ഉയർത്തിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ അനുഭാവപൂർവ്വമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ "പ്രേമലു"വിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്ലിൻ എന്ന അഭിനേതാവ് ഒരു അഭിവാച്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വൻതുക പ്രതിഫലമായി ചോദിക്കുവാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത്, അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ എന്ന്.
ഈ പ്രതിഫല തർക്കത്തെക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരിൽ നിന്നുമാണ്. ഈ കേട്ടത് സത്യമാണെങ്കിൽ, ഒരു കലാകാരൻ എന്ന നിലയിൽ നസ്ലിന് ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ. അതുകൊണ്ടാണ് ഒരു കലാകാരന് കരയോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി മുകേഷിനെ കുറിച്ച് ഞാൻ ഇവിടെ പ്രതിപാദിച്ചത്.
"പ്രേമലു" രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ സ്വപ്നവും പ്രതീക്ഷയും വെച്ച് പുലർത്തുന്ന ആളാണ് എഡി ഗിരീഷ്. അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ നസ്ലിൻ കുറച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ അതൊരു നല്ല കാര്യമല്ലേ. ഒരു പുനർചിന്തനത്തിന് തയ്യാറായാൽ നല്ലൊരു കലാസൃഷ്ടി കണ്ടാസുധിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും. മാത്രമല്ല, നിങ്ങൾ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതൽ ദൃഢതയും വരും. അത് നസ്ലിൻ എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വർദ്ധിക്കുവാനുള്ള കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.




Click it and Unblock the Notifications