വി.എച്ച്.പി രാമക്ഷേത്ര മാതൃകയുമായി അയോധ്യയിലേക്ക് ജാഥ നടത്തും
ജയ്പൂര്‍: അയോധ്യയില്‍ രാമരക്ഷേത്രം പണിയുന്നതിനായുള്ള പ്രക്ഷോഭം വിശ്വഹിന്ദു പരിഷത്ത് വീണ്ടും ശക്തമാക്കാനൊരുങ്ങുന്നു. മെയ് 17ന് ക്ഷേത്രത്തിന്റെ ഒരു മാതൃകയുമായി ജയ്പ്പൂരില്‍ നിന്നും അയോധ്യയിലേക്ക് ജാഥ നടത്തും. ജൂണ്‍ 27ന് അയോധ്യയിലെ കര്‍സേവക്പുരത്ത് ക്ഷേത്രമാതൃക സ്ഥാപിക്കും.
സംഘ്പരിവാറിന്റെ അജണ്ട ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കാനായി ഒരു ക്ഷേത്രമാതൃക പ്രധാനമന്ത്രി എ.ബി.വാജപേയിക്ക് നല്‍കും.
മുതിര്‍ന്ന വി.എച്ച്.പി നേതാവ് ചന്ദ്രേഷ് പാണ്ഡെയാണ് ക്ഷേത്രമാതൃക നിര്‍മിക്കുന്നത്. 21 അടി നീളവും 11 അടി വീതിയും 7.5 അടി ഉയരവും ക്ഷേത്രമാതൃകക്കുണ്ടാവുമെന്ന് പാണ്ഡെ പറഞ്ഞു.
കര്‍സേവക്പുരത്ത് ക്ഷേത്രമാതൃക സ്ഥാപിക്കുന്നതിനുള്ള ഭൂമി പൂജ ഞായറാഴ്ച്ച അശോക് സിംഗാള്‍ നടത്തി.
ജൂണ്‍ 28നാണ് മാതൃക സ്ഥാപിക്കുന്നത്. മാതൃക സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് വി.എച്.പി രണ്ടു ദിവസത്തെ സമ്മേളനം നടത്തും.