കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലല്ലാതെ റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ പരാതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഹൗസ് ഓഫ് സോവിയറ്റ് കള്‍ച്ചര്‍ കെട്ടിടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലല്ലാതെ റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങാനും കെട്ടിടം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറാനുമുള്ള നീക്കത്തിനെതിരെ പരാതി. ഇന്ത്യന്‍ ഇന്റലിജന്‍സ് സംഘടനയായ സി.ബി.ഐക്കും റിസര്‍ച്ച് അനാലിസിസ് വിംഗി (റോ)നും കേരള ഭരണഘടനാ-പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ ആണ് പരാതി അയച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് റഷ്യന്‍ എംബസിയോ മറ്റു നയതന്ത്ര കാര്യാലയമോ ഇല്ലാതെയാണ് റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങാന്‍ പരിപാടിയിടുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് എതിരാണ്. 1970-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ പ്രകാരം ഏതെങ്കിലും വിദേശ രാജ്യത്തിന് തങ്ങളുടെ എംബസി സ്ഥിതി ചെയ്യുന്ന സ്ഥലത്തല്ലാതെ മറ്റെവിടെയും കള്‍ച്ചറല്‍ സെന്റര്‍ നടത്താന്‍ അനുമതിയില്ല.

ഇതുപ്രകാരം മുംബൈയിലും കല്‍ക്കത്തയിലും ചെന്നെയിലും സ്ഥിതി ചെയ്യുന്നവ ഒഴികെ മറ്റെല്ലാ വിദേശസ്ഥാപനങ്ങളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ റിലേഷന്‍സി (ഐ.സി.സി.ആര്‍)ന് കൈമാറാന്‍ ആവശ്യപ്പെട്ടു. എംബസിയില്ലാത്ത സ്ഥലങ്ങളില്‍ ഏതെങ്കിലും വിദേശരാജ്യത്തിന് തങ്ങളുടെ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങണമെങ്കില്‍ അത് ഐ.സി.സി.ആറിന് കീഴിലായിരിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നുണ്ട്.

മദ്രാസിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് നേരിട്ട് നടത്തിയിരുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയും യു.എസ്. കോണ്‍സുലേറ്റ് നടത്തിയിരുന്ന അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ദില്ലിയിലെ സോവിയറ്റ് എംബസി നടത്തിയിരുന്ന സോവിയറ്റ് കള്‍ച്ചറല്‍ സെന്ററുമായിരുന്നു തിരുവനന്തപുരത്തുണ്ടായിരുന്ന വിദേശസ്ഥാപനങ്ങള്‍. ബ്രിട്ടീഷ്-സോവിയറ്റ് സര്‍ക്കാരുകള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ ഐ.സി.സി.ആറിന് കൈമാറിയപ്പോള്‍ അമേരിക്കന്‍ സ്ഥാപനം അടച്ചുപൂട്ടിയതായി പരാതി ചൂണ്ടിക്കാട്ടി.

അതു പ്രകാരം 1973 ജൂലൈ ഒന്നുമുതല്‍ തിരുവനന്തപുരത്തെ സോവിയറ്റ് കള്‍ച്ചര്‍ സെന്ററിന്റെ ഭരണകാര്യങ്ങള്‍ ഐ.സി.സി.ആറാണ് നിര്‍വഹിക്കുന്നത്. സെന്ററിനുവേണ്ടി പണം മുടക്കുന്നത് സോവിയറ്റ് എംബസിയും. ഐ.സി.സി.ആറും കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറും ചേര്‍ന്നാണ് സെന്ററിലേക്ക് ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാല്‍ ഡയറക്ടറെ ദില്ലിയിലെ എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല, പരാതിയില്‍ പറയുന്നു.

91-ല്‍ ശക്തമായ സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തെ കള്‍ച്ചറല്‍ സെന്ററില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള ഒരു പരിപാടിക്ക് സോവിയറ്റ് എംബസി പദ്ധതിയിട്ടു. കെട്ടിടത്തിന്റെ ഒരു ഭാഗം സ്വകാര്യവ്യക്തികള്‍ക്ക് വാടകക്ക് നല്‍കി വര്‍ഷം തോറും ആറോ ഏഴോ ലക്ഷം രൂപ വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഐ.സി.സി.ആറിന്റെ അനുമതിയില്ലാതെ എംബസിക്ക് പദ്ധതി നടപ്പാക്കാനാവില്ലെന്ന് പറഞ്ഞ് ഇന്ത്യാ സര്‍ക്കാര്‍ പദ്ധതി തള്ളിക്കളയുകയായിരുന്നു.

പിന്നീട് സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ റഷ്യന്‍ എംബസിക്ക് കീഴെ വന്നു. അതിനുശേഷം സ്ഥലവും കെട്ടിടവും വില്‍ക്കാന്‍ എംബസി നിരന്തരം ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇന്ത്യാ സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ അവ ഒഴിവാക്കി.

ഇപ്പോള്‍ കെട്ടിടത്തിന്റെ മുഴുവനോ ഭാഗികമോ ആയ ഭാഗം ഏഷ്യാനെറ്റ് ടെലിവിഷന് നല്‍കാന്‍ റഷ്യന്‍ എംബസി തീരുമാനമെടുത്തിരിക്കുന്നു. ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. രജി മേനോനും റഷ്യന്‍ എംബസിയുമായി നേരിട്ട് ബന്ധമില്ലാത്ത ചീഫ് എഞ്ചിനീയര്‍ മൈക്കല്‍ ഗനുഷ്കിനും തമ്മിലാണ് ഈ ധാരണയില്‍ ഒപ്പിട്ടതെന്ന് പരാതിയില്‍ പറഞ്ഞു.

മുമ്പ് ഇതിനെക്കുറിച്ച് രാഷ്ട്രപതിക്കെഴുതിയപ്പോള്‍ ഉചിത നടപടികള്‍ക്കായി എഴുത്ത് രാഷ്ട്രപതിഭവനില്‍ നിന്ന് വിദേശകാര്യവകുപ്പിലേക്ക് അയച്ചിരുന്നു. എന്നാല്‍ വിദേശകാര്യവകുപ്പ് ഇക്കാര്യത്തില്‍ അമാന്തം കാണിക്കുകയാണെന്ന് പരാതിയില്‍ ആരോപിച്ചു.

പരാതിയുടെ കോപ്പി രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍, സംസ്ഥാന സാംസ്കാരിക മന്ത്രി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X