അറബിക്കടലില്‍ കുളിക്കാനിറങ്ങിയ 14 പേരെ കാണാതായി
മുംബൈ: കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് വകവെക്കാതെ അറബിക്കടലില്‍ കുളിക്കാനിറങ്ങിയ 12 യുവാക്കള്‍ മുങ്ങിമരിച്ചതായി ഭയക്കുന്നു. 13 പേര്‍ കുളിക്കാനിറങ്ങിയതില്‍ ഒരാള്‍ മാത്രമാണ് നീന്തി കരക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ദക്ഷിണമുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്ക് സമീപം അറബിക്കടലില്‍ കുളിക്കാനിറങ്ങിയ ഒരു പുരുഷനെയും പെണ്‍കുട്ടിയെയും കാണാതായി.
രക്ഷപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി വക്താക്കള്‍ അറിയിച്ചു. കാണാതായവരെല്ലാം 18-26 വയസ്സിനിടയിലുള്ള കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് യുവാവ് പോലീസിനെ അറിയിച്ചു.
കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. എന്നാല്‍ കലി പൂണ്ടു നില്‍ക്കുന്ന കടലില്‍ നടത്തുന്ന തിരച്ചിലിന് എന്തെങ്കിലും വിജയസാധ്യത ഉള്ളതായി കാണുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ശക്തമായ അടിയൊഴുക്കിലും കാറ്റിലും പെട്ട് യുവാക്കളെല്ലാം ഒഴുകിപ്പോയിരിക്കാമെന്നാണ് കരുതുന്നത്.
തിരച്ചിലിനായി മൊബൈല്‍ ബോട്ടുകളും തീരദേശ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങിയിട്ടുണ്ട്.