പാലക്കാട്ട് ഒരു കോടിയുടെ വിഗ്രഹക്കവര്‍ച്ച
പാലക്കാട് : താരേക്കാട് വിശാലാക്ഷി-വിശ്വനാഥ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലില്‍ നിന്നും ഒരു കോടിയില്‍ പരം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹങ്ങളാണ് കളവു പോയത്. ശ്രീകോവിലിനകത്ത് പ്രധാന പ്രതിഷ്ഠയ്ക്കു സമീപം പ്രതിഷ്ഠിച്ചിരുന്ന ശിവന്റെയും പാര്‍വതിയുടെയും വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ആഗസ്ത് 22 ചൊവാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പ്രധാന തന്ത്രിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
ഒന്നരയടിയോളം പൊക്കമുള്ള ഈ വിഗ്രഹങ്ങള്‍ക്ക് 25 കിലോ വീതം തൂക്കം വരും. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് വിഗ്രഹങ്ങള്‍ക്കും. ക്ഷേത്രത്തിനകത്ത് വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള ആഭരണങ്ങളും മറ്റു വിലകൂടിയ വസ്തുക്കളും ഉ്ടണ്ടായിരുന്നുവെങ്കിലും പഞ്ചലോഹ വിഗ്രഹങ്ങളും ധാരാപാത്രത്തിന്റെ വെളളിച്ചങ്ങലയും മാത്രമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.
നാലമ്പലത്തിനു തെക്കുവശത്തെ വാതിലിനു മുകളിലുള്ള ഓടിളക്കി തൊട്ടുതാഴെയുള്ള മരം കൊണ്ടുള്ള തട്ട് മുറിച്ചു മാറ്റിയാണ് മോഷടാക്കള്‍ ശ്രീകോവിലില്‍ പ്രവേശിച്ചത്.
ചൊവാഴ്ച രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ തന്ത്രിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.അദ്ദേഹമെത്തുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. സ്റ്റോര്‍ റൂമിനകത്ത് വച്ചിരുന്ന മണ്‍വിഗ്രഹങ്ങള്‍ നാലമ്പലത്തിനു ചുറ്റും ചിതറിക്കിടന്നിരുന്നു. ഇതു കണ്ട് സംശയം തോന്നിയ തന്ത്രി സമീപവാസികളെ വിവരമിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളും നാട്ടുകാരുമെത്തി വിഗ്രഹങ്ങള്‍ കളവു പോയതായി സ്ഥിരീകരിച്ചു.
ടൗണ്‍ നോര്‍ത്ത് പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താരേക്കാട് അഗ്രഹാരത്തിന്റെ മധ്യത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.ക്ഷേത്രം അറിയപ്പെടുന്നത് താരേക്കാട് മഹാശിവ ക്ഷേത്രമെന്നാണ്. വിശേഷദിവസങ്ങളില്‍ തേരിലേറ്റി ഗ്രാമപ്രദക്ഷിണം നടത്താന്‍ മാത്രം പുറത്തെടുക്കുന്ന വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടവ.












Click it and Unblock the Notifications