അമ്പലമേട്ടില്‍ നിന്നും നാസയിലേക്ക്
കൊച്ചി : മനു മാധവ് എന്ന ഒമ്പതാം ക്ലാസുകാരനെക്കുറിച്ച് പറയുമ്പോള്‍ അമ്പലമേട് ഫാക്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപിക മേരി മാത്യുവിന് വാക്കുകള്‍ മതിയാകുന്നില്ല- അവന്‍ ഒരു മഹാ പ്രതിഭയാണ്. എല്ലാ മേഖലകളിലും ഒന്നാമനായിരുന്ന വിദ്യാര്‍ത്ഥി.
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ചൊവാഗ്രഹ പര്യവേക്ഷണ പദ്ധതിയിലേക്ക് മനു തിരഞ്ഞെടുക്കപ്പെട്ട വിവരം മനുവിനൊപ്പം ബാംഗ്ലൂരിലുള്ള ഊര്‍ജതന്ത്ര അധ്യാപകന്‍ ഗോപാലകൃഷ്ണപിള്ളയാണ് മേരി ടീച്ചറെ അറിയിച്ചത്.
ഫാക്ടിലെ ഓഫീസറായ മനുവിന്റെ അച്ഛന്‍ ശശിധരനും അമ്പലമേട് ഗവ.ഹൈസ്കൂളിലെ അധ്യാപികയായ അമ്മ ശ്രീകുമാരിയും ഇപ്പോള്‍ ബാംഗ്ലൂരിലുണ്ട്. ഇനി നാസയിലെ ശാസ്ത്രജ്ഞരുടെ വിവിധ പരീക്ഷകളെക്കൂടി മനു അഭിമുഖീകരിക്കണം. അതില്‍ വിജയിച്ചാല്‍ നാസയുടെ ചൊവാ പര്യവേക്ഷണസംഘത്തിലാണ് മനുവിന്‍െറ സ്ഥാനം.
നഴ്സറി തലം മുതല്‍ അസാമാന്യമായ പ്രതിഭ പ്രകടമാക്കിയ മനു എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു. യു,പി, ഹൈസ്കൂള്‍ തലങ്ങളില്‍ ഉപജില്ലാ സംസ്കൃതോത്സവം കലാപ്രതിഭ, സംസ്ഥാന ശാസ്ത്ര ക്വിസില്‍ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഈ കൊച്ചു മിടുക്കന്‍ സ്കൂളിലെ ഊര്‍ജസംരക്ഷണ ക്ലബിന്റെ സെക്രട്ടറി കൂടിയാണ്.
കഴിഞ്ഞ മെയ്മാസത്തില്‍ നാസ പദ്ധതിയിലേക്ക് സ്കൂള്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതായുള്ള പത്രവാര്‍ത്ത കണ്ട ഗോപാലകൃഷ്ണപിള്ളയാണ് മനുവിനെ അപൂര്‍വനേട്ടത്തിന്റെ പാതയിലെത്തിച്ചത്.
പുസ്തകങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്മനു തയാറാക്കി അയച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ആര്‍ഒ വിദഗ്ധര്‍ മനുവിനെ ബാംഗ്ളൂരിലേക്ക് ക്ഷണിച്ചത്. മനു അവിടെ പ്രബന്ധം അവതരിപ്പിക്കുകയും വാചാപരീക്ഷയില്‍ തിളങ്ങുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികള്‍ക്ക് ഐഎസ് ആര്‍ഒ ചെയര്‍മാനുമായി കൂടിക്കാഴ്ചക്കും അവസരം ലഭിച്ചു.
ഇവര്‍ തയാറാക്കിയ പ്രബന്ധവും വിവരങ്ങളടങ്ങിയ ഫ്ലോപ്പിയും നാസാ ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കും. നാസയിലെ ശാസ്ത്രജ്ഞര്‍ ഒക്ടോബറില്‍ ഇവരുമായി ടെലിഫോണില്‍ അഭിമുഖം നടത്തും. അതിലും വിജയിച്ചാല്‍ നാസയിലെ ചൊവാപര്യവേക്ഷണത്തില്‍ പങ്കെടുക്കാം.