കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണക്കപ്പലിന് വ്യാഴാഴ്ച കീലിടും

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന് വേണ്ടി നിര്‍മിക്കുന്ന ഇരട്ടചട്ടക്കൂടുള്ള എണ്ണക്കപ്പലിന് സപ്തംബര്‍ 14 വ്യാഴാഴ്ച കീലിടും. കപ്പല്‍ശാല നിര്‍മിക്കുന്ന ഇരട്ടചട്ടക്കൂടുള്ള രണ്ടാമത്തെ എണ്ണക്കപ്പലാണിത്.

കീലിടല്‍ ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി ആര്‍. വാസുദേവന്‍ മുഖ്യാതിഥിയായിരിക്കും. വസുധരിണി വാസുദേവനാണ് കീലിടല്‍ കര്‍മം നിര്‍വഹിക്കുക.

ഷിപ്പിംഗ് കോര്‍പ്പറേഷന് വേണ്ടി കപ്പല്‍ശാലയില്‍ നിര്‍മിച്ച ആദ്യത്തെ ഇരട്ടചട്ടക്കൂടുള്ള എണ്ണക്കപ്പല്‍ മൗലാന അബുല്‍ കലാം ആസാദ് കഴിഞ്ഞ വര്‍ഷം മെയ് 12നാണ് കൈമാറിയത്. 93,000 ടണ്‍ കേവുഭാരമുള്ളതാണ് പുതുതായി ഓര്‍ഡര്‍ ലഭിച്ച എണ്ണക്കപ്പല്‍. 92,500 ടണ്‍ ആയിരുന്നു മൗലാന അബുല്‍ കലാം ആസാദിന്റെ കേവുഭാരം.

ഷിപ്പിംഗ് കോര്‍പ്പറേഷനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന നാലാമത്തെ എണ്ണക്കപ്പലിനാണ് വ്യാഴാഴ്ച കീലിടുന്നത്. മൗലാന അബുല്‍ കലാം ആസാദിനു പുറമേ നേരത്തെ മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു എന്നീ പേരുകളില്‍ ഒറ്റചട്ടക്കൂടുള്ള രണ്ട് എണ്ണക്കപ്പലുകളും ഇവിടെ നിര്‍മ്മിച്ചിരുന്നു. രാജ്യാന്തര കപ്പല്‍ ഗതാഗത നിയമത്തിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇരട്ടചട്ടക്കൂടുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഉത്തരവ് നല്‍കിയത്.

റെക്കോഡ് വേഗത്തിലാണ് ആദ്യത്തെ എണ്ണക്കപ്പലായ മൗലാന അബുല്‍ കലാം ആസാദിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാല കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. 16 മാസമാണ് കപ്പല്‍ പൂര്‍ത്തീകരിക്കാനെടുത്തത്. 1998 ഒക്ടോബറില്‍ അസംബ്ലിംഗ് പൂര്‍ത്തിയാക്കി നീറ്റിലിറക്കിയ കപ്പല്‍ മാര്‍ച്ച് 27ന് പരീക്ഷണയാത്ര നടത്തി. 237 മീറ്റര്‍ നീളമുള്ള മൗലാനാ ആസാദില്‍ പത്ത് കാര്‍ഗോ ടാങ്കുകളാണുള്ളത്. ഇതില്‍ 90,000 ടണ്‍ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ കഴിയും. 36,000 ഘനമീറ്റര്‍ കടല്‍വെള്ളം സംഭരിക്കുന്നതിനുള്ള എട്ട് ബ്ലാസ്റ് ടാങ്കുകളും കപ്പലിലുണ്ട്.

15,000 ടണ്‍ ഉരുക്കാണ് അന്ന് മൗലാനാ ആസാദിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്. 440 കിലോമീറ്റര്‍ നീളത്തില്‍ വെല്‍ഡിംഗ് നടത്തിയിട്ടുള്ള കപ്പലിന്റെ നിര്‍മാണത്തിനായി 90 കിലോമീറ്റര്‍ കേബിളും 40 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പും ഉപയോഗിച്ചു. ഷിപ്പ് ബോര്‍ഡ് കമ്പ്യൂട്ടര്‍, ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനം, ആഗോള ദിശാനിര്‍ണയം, റേഡിയോ സ്റേഷന്‍ തുടങ്ങിയ ആധുനികസൗകര്യങ്ങളും കപ്പലിലുണ്ട്. പ്രധാന എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന വാതകം കൊണ്ട് മറ്റൊരു ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നത് മൂലം ഇന്ധനക്ഷമതയും കൂടുതലാണ്.

പുതുതായി നിര്‍മ്മിക്കുന്ന എണ്ണക്കപ്പലിന് പേരിട്ടിട്ടില്ല. കപ്പലിന്റെ നിര്‍മാണത്തിനായി പ്രത്യേക ഡോക്ക് തയാറാക്കിവരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിച്ച രണ്ട് യാത്രാക്കപ്പലുകള്‍ കഴിഞ്ഞ മാസം നീറ്റിലിറക്കിയിരുന്നു. നാവികസേനയുടെ വ്യോമപ്രതിരോധ കപ്പലിന്റെ നിര്‍മാണച്ചുമതലയും കപ്പല്‍ശാലയ്ക്കാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X