കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണക്കപ്പലിന് കീലിട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഷിപ്പിംഗ് കോര്‍പ്പറേഷനുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രണ്ടാമത്തെ ഇരട്ടച്ചട്ടക്കൂടുള്ള എണ്ണക്കപ്പലിന് കീലിട്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന് പേരിട്ട കപ്പലിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി (ഷിപ്പിംഗ്) ആര്‍. വാസുദേവനാണ് സപ്തംബര്‍ 14 വ്യാഴാഴ്ച കീലിടല്‍ നടത്തിയത്.

കപ്പല്‍ നിര്‍മാണ വ്യവസായത്തിന് രാജ്യാന്തര നിലവാരം കൈവരുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ആര്‍. വാസുദേവന്‍ അറിയിച്ചു.

കൊച്ചി കപ്പല്‍ശാലയുടെയും വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ ഇതിനായി തേടിയിട്ടുണ്ട്. ആഗോളതലത്തിലെ മത്സരം നേരിടാന്‍ ആധുനികവത്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള ശേഷി കപ്പല്‍ശാല കൈവരിക്കണം. ജപ്പാനെ പോലും കടത്തിവെട്ടിയ കൊറിയന്‍ കപ്പല്‍ശാലകളുമായാണ് കൊച്ചി കപ്പല്‍ശാല മത്സരിക്കേണ്ടത്. കപ്പല്‍ നിര്‍മാണ വ്യവസായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 30 ശതമാനം സബ്സിഡി പ്രയോജനപ്പെടുത്താന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. ശ്രീവാസ്തവ കീലിടല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പൊതുമേഖലാസ്ഥാപനമെന്ന നിലയില്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് പിന്തുണ നല്‍കാന്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ തയാറാണെന്ന് ശ്രീവാസ്തവ പറഞ്ഞു.

കോര്‍പ്പറേഷന്റെ ഉടമസ്ഥതിലുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി കപ്പല്‍ശാലയ്ക്ക് നല്‍കാന്‍ തയാറാണ്. കപ്പല്‍ നിര്‍മാണത്തിന് ഇന്ത്യയിലെ തന്നെ കപ്പല്‍ശാലകളെ ആശ്രയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ അതിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് വിദേശ കപ്പല്‍ശാലകളെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നത്. വന്‍കിട കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാല തയാറാകണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു.

എണ്ണടാങ്കര്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ സമര്‍പ്പിച്ച വിദേശ കപ്പല്‍ശാലകളുമായി മത്സരിച്ചാണ് ഓര്‍ഡര്‍ നേടിയെടുത്തതെന്ന് കപ്പല്‍ശാല ചെയര്‍മാന്‍ അഡ്മിറല്‍ ആര്‍.കെ. വിഗ് പറഞ്ഞു. 1998ലാണ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ടാങ്ക് നിര്‍മാണത്തിനായി ആഗോള ടെണ്ടര്‍ വിളിച്ചത്. നാവികസേനയ്ക്ക് വേണ്ടി വ്യോമപ്രതിരോധ കപ്പല്‍ നിര്‍മിക്കുന്നതിനുള്ള ചുമതലയും കപ്പല്‍ശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. 600 കോടി രൂപയുടെ പദ്ധതിയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കപ്പല്‍ശാലയില്‍ ഏര്‍പ്പെടുത്തുന്നതിന് 30 കോടി രൂപയുടെ നിക്ഷേപം നാവികസേന ഇതിനകം നടത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

കൊച്ചി ശാലയില്‍ നിര്‍മിക്കുന്ന ഇരട്ടച്ചട്ടക്കൂടുള്ള രണ്ടാമത്തെ എണ്ണക്കപ്പലാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. ആദ്യത്തെ കപ്പലായ മൗലാന അബ്ദുല്‍ കലാം ആസാദും കൊച്ചി കപ്പല്‍ശാലയിലാണ് നിര്‍മിച്ചത്. 34 ദശലക്ഷം ഡോളറാണ് പുതിയ കപ്പലിന്റെ ടെന്‍ഡര്‍ തുക. 21 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 93,000 ടണ്‍ കേവുഭാരമുള്ള കപ്പലിന് 237 മീറ്ററാണ് നീളം. 38 മീറ്ററാണ് വീതി. ഉയരം 20.9 മീറ്റര്‍. 15.1 മീറ്റര്‍ വെള്ളത്തിനടിയിലായിരിക്കും.

ഒരു ലക്ഷം ലിറ്റര്‍ ക്രൂഡ് ഓയില്‍ നിറക്കാവുന്ന പത്ത് കാര്‍ഗോ ടാങ്കുകളും 36,000 ഘനമീറ്റര്‍ വെള്ളം നിറക്കാവുന്ന എട്ട് ബല്ലാസ്റ് ടാങ്കുകളും കപ്പലിലുണ്ടാകും. കപ്പലില്‍ നിന്ന് കപ്പലിലേക്ക് എണ്ണ കൈമാറുന്നതിനുള്ള ആധുനിക സംവിധാനം, ഷിപ്പ് ബോര്‍ഡ് കമ്പ്യൂട്ടര്‍, ഗ്ലോബല്‍ പൊസിഷനിങ് സിസ്റം, റേഡിയോ സ്റേഷന്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍.

1972ല്‍ തറക്കല്ലിട്ട കപ്പല്‍ശാല പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1983ലാണ്. കൊച്ചി കായലോരത്ത് 170 ഏക്കറിലാണ് കപ്പല്‍ശാല. 1976ല്‍ തന്നെ കപ്പല്‍ശാലയില്‍ കപ്പല്‍ നിര്‍മാണം ആരംഭിച്ചു. ആദ്യകപ്പല്‍ റാണി പത്മിനി 1982ല്‍ പുറത്തിറങ്ങി. എട്ട് വന്‍കിടകപ്പലുകളാണ് ഇതിനകം കപ്പല്‍ശാല നിര്‍മിച്ചു നല്‍കിയത്. ഷിപ്പിംഗ് കോര്‍പ്പറേഷനു വേണ്ടി നിര്‍മിക്കുന്ന നാലാമത്തെ എണ്ണക്കപ്പലാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. 600ലേറെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും കപ്പല്‍ശാലയില്‍ നടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X