മമതയ്ക്ക് വാക്കു കൊടുത്തിട്ടില്ല: അദ്വാനി
ദില്ലി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്തിയ തീരുമാനം പുന:പരിശോധിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് കേന്ദ്രസര്‍ക്കാര്‍ വാക്കു കൊടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനി.
ഇതോടെ മമതാ ബാനര്‍ജിയുടെ രാജി പ്രശ്നം വീണ്ടും വിവാദമാകുകയാണ്. എണ്ണവില ഉയര്‍ത്തിയ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയും മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് പാഞ്ചയും കേന്ദ്രമന്ത്രി സഭയില്‍ നിന്നും കഴിഞ്ഞയാഴ്ച രാജി വച്ചിരുന്നു. എന്നാല്‍ എണ്ണവില പുന:പരിശോധിക്കാമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് രേഖാമൂലം ഉറപ്പു നല്‍കിയെന്നവകാശപ്പെട്ടു കൊണ്ട് ഇരുവരും രാജി പിന്‍വലിച്ചിരുന്നു.
പക്ഷേ പ്രധാനമന്ത്രി അങ്ങനെയൊരു ഉറപ്പു നല്‍കിയതായി താന്‍ കരുതുന്നില്ലെന്നാണ് അദ്വാനി വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കാല്‍ മുട്ട് ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം ദില്ലിയില്‍ എത്തുമ്പോള്‍ എണ്ണ വില പ്രശ്നം പുന:പരിശോധിക്കാമെന്ന് തനിക്ക് കത്ത് നല്‍കിയതായാണ് മമതയുടെ അവകാശവാദം.
ഒക്ടോബര്‍ 12 വ്യാഴാഴ്ച ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇതിനു കടകവിരുദ്ധമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണ വില പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാമെന്നാണ് പ്രധാനമന്ത്രി മമതാ ബാനര്‍ജിക്കു നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നതെന്നാണ് തന്റെ അറിവെന്ന് അദ്വാനി പറഞ്ഞു.
മമതാ ബാനര്‍ജിയുടെ രാജിക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കൂട്ടുമുന്നണിക്കുള്ളില്‍ എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും ഇത്തരമൊരു മുന്നണിസര്‍ക്കാരിന് പല പ്രശ്നങ്ങളെയും നേരിടേണ്ടി വരുമെന്നും അദ്വാനി പറഞ്ഞു.
ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ മുന്നണി സര്‍ക്കാര്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വേളയില്‍ തന്നെ പതിവു പോലെ മുന്നണിക്കുള്ളില്‍ പ്രശ്നങ്ങള്‍ തലപൊക്കുമെന്നാണ് അദ്വാനിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.