കെഎസ്ആര്‍ടിസി സമാന്തര സര്‍വീസ് നടത്തില്ലെന്ന് മന്ത്രി
കൊച്ചി: കൊച്ചി നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന സ്വകാര്യ ബസ് പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി സമാന്തര സര്‍വീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി സി.കെ.നാണു പറഞ്ഞു.
ബസ്സുടമകളുടേയും തൊഴിലാളികളുടേയും യാത്രക്കാരുടേയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മട്ടാഞ്ചേരിയില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജല- റോഡ് ഗതാഗതത്തെക്കുറിച്ച് നവംബര്‍ നാല് ശനിയാഴ്ച നടന്ന ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി നഗരത്തില്‍ കെഎസ്ആര്‍ടിസിക്ക് ലാഭകരമായി സര്‍വീസ് നടത്താനാവില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ലാഭകരമല്ലാത്ത മേഖലകളില്‍ ഇനിയും ശ്രദ്ധ ചെലുത്തുന്നത് കോര്‍പറേഷന്റെ നിലനില്പിന് ഭീഷണിയാകും.
എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നഗരത്തിലെ യാത്രക്കാരുടെ സഹായത്തിനെത്തുന്നതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് മാറി നില്ക്കാനാവില്ല. യാത്രാസംവിധാനത്തിന് തടസ്സംവരാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
തോപ്പുംപടിയില്‍ അവസാനിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഫോര്‍ട്ടുകൊച്ചിയിലേക്കു നീട്ടുന്ന കാര്യം പരിഗണിക്കും. സ്ഥലവും കെട്ടിടവും ലഭിക്കുകയാണെങ്കില്‍ സബ്ഡിപ്പോ സ്ഥാപിക്കാനും തയ്യാറാണ്. പശ്ചിമകൊച്ചിയിലെ ജലഗതാഗത പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ജലഗതാഗത വകുപ്പ് എംഡിയെ ഇവിടേക്കയക്കുമെന്നും മന്ത്രി പറഞ്ഞു.
ചേംബര്‍ പ്രസിഡന്റ് അന്‍വര്‍ ഹാഷിം അദ്ധ്യക്ഷനായിരുന്നു. എം.എ.തോമസ് എംഎല്‍എ, കെ.എ.മക്കാര്‍കുഞ്ഞ്, ബി.ഹംസ, കെ.കെ.മോഹന്‍ദാസ്, ബി.ബാലഗോപാല പൈ, എച്ച്.രവികുമാര്‍ പൈ തുടങ്ങിയവരും സംസാരിച്ചു.