കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേകന്നൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: മതപണ്ഡിതനായ ചേകന്നൂര്‍ അബ്ദുള്‍ ഹസന്‍ മൗലവിയെ കഴുത്തില്‍ തുണികെട്ടി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് സിബിഐ കണ്ടെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.

കേസന്വേഷണം തുടര്‍ന്നു നടത്താന്‍ സിബിഐ ചെന്നൈ യൂണിറ്റിലെ സൂപ്രണ്ട് സീമ അഗര്‍വാള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചുമതലയേറ്റു. മൗലവിയുടെ ഏതാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും താമസിയാതെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിരിക്കുകയാണ്. ആറ് മാസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്.

പുരോഗമന ചിന്താഗതിക്കാരനായ മൗലവിയുടെ ആശയങ്ങളില്‍ രോഷം പൂണ്ട യാഥാസ്ഥിതികരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. കൊല നടത്തിയ നാലു പ്രതികളും ഇപ്പോള്‍ ദുബായിലാണ്.

മൗലവിയെ ഒരാള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും മറ്റു മൂന്നു പേര്‍ കൂട്ടുനില്ക്കുകയുമാണ് ചെയ്തത്. കുറ്റകൃത്യം നടത്തിയ ആള്‍ മറ്റൊരു കൊലക്കേസിലും പ്രതിയാണ്. ഇയാള്‍ അത് രണ്ടുപേരോട് ഏറ്റുപറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സിബിഐക്ക് കൊലപാതകത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചത്.

കുറ്റസമ്മതം നടത്തിയ വ്യക്തിയുടെ ഫോട്ടോ മൗലവിയുടെ ഭാര്യയേയും അദ്ദേഹത്തിന്റെ പ്രസ്സിലെ ജീവനക്കാരനായ ജബാറിനെയും സിബിഐ കാണിക്കുകയും അവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഒരു പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ ജീപ്പിലാണ് പ്രതികള്‍ ചേകന്നൂര്‍ മൗലവിയെ മതപ്രഭാഷണത്തിനായി 1993 ജൂലായ് 29ന് എടപ്പാളിലുള്ള വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയത്. ഈ ജീപ്പ് സിബിഐ കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിനുശേഷം മൃതദേഹം മലപ്പുറം ജില്ലയ്ക്കു പുറത്ത് രഹസ്യമായി മറവുചെയ്യുകയായിരുന്നു. പ്രതികളുമായി ബന്ധപ്പെട്ടിരുന്ന ഒരു പ്രധാന വ്യക്തിക്ക് മൗലവിയോട് കടുത്ത വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി സിബിഐ കണ്ടെത്തി. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത് ഏന്നാണ് നിഗമനം. എന്നാല്‍ പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ഈ വ്യക്തിയെ കേസില്‍ ഉള്‍പ്പെടുത്താനാവൂ. പ്രതികള്‍ എല്ലാവരും മലപ്പുറം സ്വദേശികളാണ്. കോഴിക്കോട്ടെ സുന്നി ടൈഗര്‍ ഫോഴ്സും കൊലപാതകത്തില്‍ പങ്കു വഹിച്ചതായി സിബിഐക്കു സംശയമുണ്ട്.

പൊലീസ് കേസന്വേഷണം നടത്തുമ്പോള്‍ തന്നെ പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് വഴി പ്രതികളുടെ പാസ്പോര്‍ട്ട് സിബിഐയുടെ ആവശ്യപ്രകാരം വിദേശകാര്യ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം നാലുവര്‍ഷം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X