കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ മാസത്തില്‍ കശ്മീരില്‍ വെടിനിര്‍ത്തല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: വിശുദ്ധ റംസാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യാ സര്‍ക്കാര്‍ നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എല്ലാവരും സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്ന് ഉദ്ഘോഷിച്ച പ്രവാചകന്‍ മുഹമ്മദിന്റെ സ്മരണയുമായി വിശുദ്ധ റംസാന്‍ മാസം എത്തുകയാണ്. അതിനാല്‍ ഈ വിശുദ്ധ മാസത്തില്‍ ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ നടപടികളൊന്നും വേണ്ടെന്ന് സര്‍ക്കാര്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് - പ്രധാനമന്ത്രി വ്യക്തമാക്കി.

നവംബര്‍ 26 ഞായറാഴ്ച മുതല്‍ക്കാണ് രാജ്യമൊട്ടാകെ വിശുദ്ധ റംസാന്‍ മാസം തുടങ്ങന്നത്. എന്നാല്‍ മാസപ്പിറവി അനുസരിച്ച് വിവിധ ഭാഗങ്ങളില്‍ റംസാന്‍ തുടങ്ങുന്ന ദിവസത്തില്‍ മാറ്റമുണ്ടാകും.

ജമ്മു കശ്മീരില്‍ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ജൂലൈ 24 മുതല്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മൂന്നു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ സര്‍ക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാനായിരുന്നു ഇത്. എന്നാല്‍ ആഗസ്ത് എട്ടിന് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹിസ്ബുള്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രവൃത്തി ഉള്‍ക്കൊണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തുന്ന അക്രമവും നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുമെന്നും അന്താരാഷ്ട്ര അതിര്‍ത്തി അംഗീകരിക്കുമെന്നും വാജ്പേയി പ്രത്യാശിച്ചു.

കശ്മീര്‍ താഴ്വരയില്‍ സമാധാനം പുലരണമെന്നാണ് ഇന്ത്യ എന്നും ആഗ്രഹിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ താഴ്വരയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുന്നു. കൂടാതെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടായാല്‍ അതിനെ തകര്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും നമ്മള്‍ തെളിയിച്ചു - വാജ്പേയി പറഞ്ഞു.

എല്ലാ പ്രശ്നങ്ങളും മാനുഷികപരിഗണന വെച്ച് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് താന്‍ ആഗസ്ത് മൂന്നിന് താഴ്വരയിലേക്ക് നടത്തിയ പര്യടനം തെളിയിക്കുന്നതെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ പുരോഗതി ഉള്ളതില്‍ ഇന്ത്യയിലെ ജനങ്ങള്‍ സന്തുഷ്ടരാണ്. സംസ്ഥാനത്തു നടക്കുന്ന തീവ്രവാദവും വിഘടനവാദവും എന്നത്തേയും കാള്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X