കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തകര്‍ക്ക് സിഐഎ ബന്ധം: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ ചില പ്രധാന പത്രപ്രവര്‍ത്തകര്‍ക്ക് അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സിയായ സിഐഎയുമായി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അതേ സമയം പിണറായി വിജയന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയന്‍ (കെയുഡബ്ല്യുജെ) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 27 തിങ്കളാഴ്ച തൊടുപുഴയില്‍ കൃഷ്ണപിള്ള രക്തസാക്ഷി സ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് പിണറായി വിജയന്‍ വിവാദം സൃഷ്ടിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഇടതുപക്ഷക്കാരെന്ന് നടിക്കുന്ന ചില പത്രപ്രവര്‍ത്തകര്‍ സിഐഎയില്‍ നിന്ന് മാസത്തില്‍ പണം വാങ്ങുന്നുണ്ടെന്ന് പിണറായി ആരോപിച്ചു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായാണ് അവര്‍ പണം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിഐഎക്കു വേണ്ടി പശ്ചിമ ബംഗാളിലും ചില പത്രപ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയന്‍ പിണറായിയുടെ ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ചു.സിഐഎ ബന്ധമുണ്ടെന്ന് പിണറായി ആരോപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കെയുഡബ്ല്യുജെ പ്രസിഡന്റ് ജേക്കബ് ജോര്‍ജും സെക്രട്ടറി എന്‍.പത്മനാഭനും ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആരോപണം തെളിയിക്കാന്‍ പിണറായി ജനങ്ങള്‍ക്കു മുന്നില്‍ തെളിവ് ഹാജരാക്കണമെന്നും അവര്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകരെ ജനങ്ങള്‍ക്കു മുന്നില്‍ താറടിച്ചുകാണിക്കാനാണ് പിണറായിയുടെ ശ്രമം. വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ പത്രപ്രവര്‍ത്തകരും മാധ്യമങ്ങളും നേടിയെടുത്തിട്ടുള്ള വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിജയനെ പോലുള്ളവര്‍ക്ക് ഉചിതമല്ല-- അവര്‍ പറഞ്ഞു.

വിജയന്‍ സിഐഎ ബന്ധമുണ്ടെന്ന് ആരോപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ആരോപണം പിന്‍വലിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പി.പി.ജെയിംസ് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X