സെക്രട്ടറിയേറ്റില്‍ സംഘട്ടനം
തിരുവനന്തപുരം: ഇടതുപക്ഷസംഘടനകളില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ ഒരു ദിവസത്തെ പണിമുടക്ക് സെക്രട്ടറിയേറ്റിനകത്തും പുറത്തും യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു. പണിമുടക്കിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് മണിക്കൂറുകളോളം സെക്രട്ടറിയേറ്റിലും പരിസരത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ബഹളത്തിനിടയില്‍ ഒരു ജീവനക്കാരന് കുത്തേറ്റു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ രമേശിനാണ് കുത്തേറ്റത്. കല്ലേറിലും സംഘട്ടനത്തിലുമായി പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ആറ് ടെലിവിഷന്‍ ക്യാമറമാന്‍മാര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ജനലുകള്‍ തകര്‍ന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനൂകൂല സംഘടനയില്‍ പെട്ട ആറ് പേരെ പൊലീസ് അറസ്റ് ചെയ്തു.
സിപിഎം അനുകൂലികളായ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കാന്റീന്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പണിമുടക്കാത്ത കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പെട്ടവര്‍ ഇതിനെ ചോദ്യം ചെയ്തത് ഇരുവിഭാഗം ജീവനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്നതിന് വഴിവെച്ചു.
തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് മുറികളില്‍ എത്തിയ പണിമുടക്ക് അനുകൂലികള്‍ അകത്തുണ്ടായിരുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്തു.
പിന്നീട് പണിമുടക്കിനെ എതിര്‍ക്കുന്ന കൂടുതല്‍ ജീവനക്കാര്‍ സംഘടിച്ചെത്തി. ഇതിനിടെ സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കല്ലേറുണ്ടായി.
കാന്റീന്‍ അടച്ചതിനെ തുടര്‍ന്ന് പുറത്തുനിന്ന് കാപ്പിയുണ്ടാക്കുകയായിരുന്ന കോണ്‍ഗ്രസുകാരായ ജീവനക്കാരെ എതിര്‍വിഭാഗത്തില്‍ പെട്ടവര്‍ കല്ലേറിഞ്ഞു. കോണ്‍ഗ്രസുകാരും തിരിച്ച് കല്ലെറിഞ്ഞു.
ഇതിനിടെ പൊലീസെത്തിയെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവരുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.
കോണ്‍ഗ്രസുകാര്‍ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചേംബറിനു മുന്നിലെത്തി പണിമുടക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തി. കൂടുതല്‍ പൊലീസെത്തിയതാേേടെ സംഘര്‍ഷം അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷ സംഘടനകളില്‍ പെട്ടവര്‍ സെക്രട്ടറിയേറ്റ് കവാടത്തിനു മുന്നില്‍ ധര്‍ണ നടത്തി. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിനിടയില്‍ സെക്രട്ടറിയേറ്റ് കാന്റീനകത്തെ ഫര്‍ണിച്ചറുകള്‍ക്ക് കേടുപാട് പറ്റി. സെക്രട്ടറിയേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് പറ്റി.












Click it and Unblock the Notifications