കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തസ്മരണകളുമായി അവരെത്തിത്തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: ദുരന്തഭൂമിയില്‍ നിന്നും നിലവിളിക്കുന്ന ഓര്‍മ്മകളുമായി അവര്‍ മടക്കയാത്ര തുടങ്ങി. കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞ കൂറ്റന്‍ കെട്ടിടങ്ങള്‍.... അതിനടിയില്‍ ജഡങ്ങളായി മാറിയ പ്രിയപ്പെട്ടവര്‍ .. .... ഈ അനുഭവങ്ങള്‍ വിവരിക്കാന്‍ അവര്‍ക്ക് വാക്കുകളില്ലായിരുന്നു.

ഭൂകമ്പം ഉഴുതുമറിച്ച ഗുജറാത്തിന്റെ മണ്ണില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യതീവണ്ടി ഓടിയെത്തിയത് ജനവരി 30 ചൊവാഴ്ച പുലര്‍ച്ചെയാണ്-ഗാന്ധിധാം എക്സ്പ്രസ്സ്. അര്‍ധരാത്രിയോടെ രാജ്കോട്ട് എക്സ്പ്രസും കൊച്ചിയിലെത്തി. ആദ്യവണ്ടികളില്‍ നിന്ന് മനസിനും ശരീരത്തിനുമേറ്റ മുറിവുകളുമായി നിരവധി മലയാളികള്‍ ഇറങ്ങിവന്നു. വിങ്ങിപ്പൊട്ടലുകളോടെയാണ് ഉറ്റവര്‍ പ്ലാറ്റ്ഫോമില്‍ കാത്തുനിന്നിരുന്നത്.

ഗുജറാത്തിലെ ഗാന്ധിധാമില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഗാന്ധിധാം എക്സ്പ്രസ് റെയില്‍പാതകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്നാണ് പുറപ്പെട്ടത്.

ദുരന്തം കൂടുതല്‍ നാശം വിതച്ച സാമക്ഗേരിയില്‍ നിന്നുള്ള 37 മലയാളി കുടുംബങ്ങള്‍ ഗാന്ധിധാം എക്സ്പ്രസിലുണ്ടായിരുന്നു. സാമക്ഗേരിയില്‍ ടയര്‍ റീട്രെഡ് ബിസിനസ് നടത്തുന്നവരും ചെറുകിട കച്ചവടക്കാരുമായിരുന്നു കൂടുതല്‍. സൂററ്റിനും ഭുജിനും ഇടയിലാണ് സാമക്ഗേരി.

കോണ്‍ക്രീറ്റിന്റെ കൂന മാത്രമായി ഭുജ് പട്ടണം മാറിയെന്ന് തീവണ്ടിയില്‍ വന്നിറങ്ങിയവര്‍ പറഞ്ഞു. പലരും മൃതദേഹങ്ങള്‍ കണ്ടുകണ്ടാണ് അഹമ്മദാബാദ് വരെയെത്തിയത്. ഗാന്ധിധാം, കച്ച്, സാമക്ഗേറി എന്നീ പട്ടണങ്ങള്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. സാമക്ഗേരി റെയില്‍വെ സ്റേഷന്‍ പൂര്‍ണായും നിലംപൊത്തി. ആകെയുള്ള സിവില്‍ ആശുപത്രിയും തകര്‍ന്നടിഞ്ഞു.

കച്ച് ഇനി ഓര്‍മ മാത്രമാണെന്ന് ദുരന്തഭൂമിയില്‍ നിന്നെത്തിയ കൊട്ടാരക്കര പുലിക്കോട് അലക്സ് പറഞ്ഞു. തീരപ്രദേശമായ കച്ചില്‍ ഭൂകമ്പം ഏറ്റവും ഭീകരമായിരുന്നു. ഭൂചലനമാണെന്ന് മനസിലായപ്പോള്‍ ഇറങ്ങിയോടി. കാല്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. ആരൊക്കെ മരിച്ചിട്ടുണ്ടാകാമെന്നോ രക്ഷപ്പെട്ടന്നോ ഒരു രൂപവുമില്ലായിരുന്നു.

സൂററ്റിലെ റീജണല്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ ജീവന്‍ ജോസ് ജോണിനും വേദന നിറഞ്ഞ വിദ്യാര്‍ഥികളാണ് മനസിലുള്ളത്. ഹോസ്റല്‍ കെട്ടിടം തകരാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. പിന്നിലെ മൂന്ന് നില കെട്ടിടം നിലംപൊത്തിയത് കണ്‍മുന്നിലാണ്. പത്ത് പേരാണ് അവിടെ മരിച്ചത്. പനമ്പിള്ളിനഗറില്‍ താമസിക്കുന്ന ബേബി കാര്‍ത്തികപ്പള്ളിയുടെ മകന്‍ ജീവന്‍ പറഞ്ഞു.

സൂററ്റ് മെഡിക്കല്‍ കോളജില്‍ എം.ഡി.വിദ്യാര്‍ഥിയായ ഡോ.ജയചന്ദ്രന്‍ അപകടത്തില്‍ കാലിനേറ്റ പരിക്കുമായാണ് എറണാകുളം നോര്‍ത്ത് സ്റേഷനില്‍ ട്രെയിനിറങ്ങിയത്.

രാവിലെ എട്ടരയ്ക്ക് പതിവുള്ള റൗണ്ട്സിനിടയിലാണ് ദുരന്തമെത്തിയതെന്ന് ഡോ.ജയചന്ദ്രന്‍ പറഞ്ഞു. നാല് നിലയുള്ള ആശുപത്രി കെട്ടിടം ശക്തമായി കുലുങ്ങി. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വീണ് കാലിന്റെ എല്ലുപൊട്ടി- ഡോക്ടര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X