ലക്ഷദ്വീപ് കപ്പലുകള്‍ തയാറായി
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച രണ്ട് യാത്രാക്കപ്പലുകള്‍ കൈമാറ്റത്തിന് സജ്ജമായി. എംവി അമിന്‍ദിവി, എംവി മിനിക്കോയ് എന്നീ കപ്പലുകളാണ് കപ്പല്‍ശാലയില്‍ പണിതീര്‍ത്തത്.
ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെടുന്ന ദിവസം കപ്പലുകള്‍ കൈമാറുമെന്ന് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ കമ്മഡോര്‍ എം. കെ. മൂര്‍ത്തി അറിയിച്ചു. 14 കോടി രൂപയോളം ഓരോ കപ്പലിന്റെയും നിര്‍മ്മാണത്തിന് വേണ്ടിവന്നതായി കമ്മഡോര്‍ മൂര്‍ത്തി പറഞ്ഞു. പന്ത്രണ്ടര കോടി രൂപയാണ് കരാര്‍ തുക. വിദേശ കപ്പല്‍ നിര്‍മ്മാണശാലകളുമായി മത്സരിച്ചാണ് കൊച്ചി കപ്പല്‍ശാല ഈ ഓര്‍ഡര്‍ കൈക്കലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ കപ്പലുകള്‍ക്ക് 13 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. കൊച്ചിയില്‍ നിന്നും പുറപ്പെട്ടാല്‍ ദ്വീപിലെത്താന്‍ ഒരു ദിവസത്തില്‍ താഴെ സമയമെടുക്കും. 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലില്‍ യാത്രക്കാര്‍ക്കായി പുറകോട്ട് ചായ്ക്കാവുന്ന ഇരിപ്പിടങ്ങള്‍, 25 കപ്പല്‍ ജോലിക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും വേണ്ടി കിടപ്പറ സൗകര്യങ്ങള്‍, തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം, പ്രാര്‍ത്ഥനാമുറി, ലഘുഭക്ഷണശാല എന്നിവയാണ് കപ്പലിന്റെ സവിശേഷതകള്‍. ക്യാബിനകള്‍ പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ രണ്ട് യാത്രാക്കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. പുതിയ കപ്പലുകള്‍ സര്‍വീസിനിറക്കുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്നം വലിയോരളവ് വരെ പരിഹരിക്കാനാകും.












Click it and Unblock the Notifications