കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ തര്‍ക്കം ആരോഗ്യകരം: കുഞ്ഞാലിക്കുട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലും മറ്റു യു ഡി എഫ് ഘടകകക്ഷികളിലും നടക്കുന്ന തര്‍ക്കങ്ങള്‍ തികച്ചും ആരോഗ്യകരമാണെന്ന് മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഏപ്രില്‍ 23 തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസിലും ഘടകകക്ഷികളിലുമുള്ള തര്‍ക്കങ്ങള്‍ ആ കക്ഷികളിലെ ജനാധിപത്യസ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തര്‍ക്കത്തെ അമേരിക്കയിലും ബ്രിട്ടനിലും സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി പാര്‍ട്ടികള്‍ക്കുള്ളില്‍ നടക്കുന്ന മത്സരത്തോട് ലീഗ ് നേതാവ് ഉപമിച്ചു. നാശം എന്നതിനേക്കാള്‍ ആരോഗ്യകരം എന്നാണ് ഈ തര്‍ക്കങ്ങളെ വിശേഷിപ്പിക്കേണ്ടത്. അതു കൊണ്ട് ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസം നശിക്കില്ല.

മുന്നണിയിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയെന്നത് സ്വാഭാവികമാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനമെന്ന വലിയ ആഗ്രഹം പോയിട്ട് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ചെറിയ ആഗ്രഹം പോലും ലീഗിനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരു മുഖ്യമന്ത്രിയാകുമെന്നുള്ള കാര്യത്തില്‍ ചര്‍ച്ചയും തര്‍ക്കങ്ങളുമുണ്ടാകുന്നത് യു ഡി എഫിന് ഭൂരിപക്ഷം കിട്ടുമെന്നതിനാലാണ് . മുഖ്യമന്ത്രി സ്ഥാനത്ത് കെ. കരുണാകരനായാലും എ.കെ. ആന്റണിയായാലും മോശമില്ലെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. രണ്ടു പേരും ഒന്നിനൊന്നു മെച്ചമായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആന്റണി ഒരിക്കലും മോശക്കാരനായിരുന്നില്ല. പ്രതിപക്ഷം മൊത്തത്തിലും മോശമായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാത്തത് മതനേതാക്കളുടെ ഇടപെടല്‍ കാരണമല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സീറ്റുകള്‍ പരിമിതങ്ങളായതു കൊണ്ടാണ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാത്തത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലീഗ് വനിതകള്‍ക്ക് മതിയായി പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ പേരില്‍ മതനേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചുവെന്ന ആരോപണം ശരിയല്ല.

ഐഎന്‍എല്‍ താത്കാലിക പ്രതിഭാസം

ഐഎന്‍എല്‍ താത്കാലിക പ്രതിഭാസം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവര്‍ക്ക് ലഭിച്ചിട്ടുള്ള സീറ്റുകള്‍ നോക്കിയാല്‍ തന്നെ അതു മനസിലാകും. എല്‍ഡിഎഫ്- ഐഎന്‍എല്‍ ബന്ധത്തിന്റെ പേരിലുള്ള വിരുദ്ധാഭിപ്രായങ്ങള്‍ കേട്ട് കേരളം പകച്ചു നില്‍ക്കുകയാണ്. തീവ്രവാദവും മതമൗലിക വാദവും തടയുന്ന കാര്യത്തില്‍ മുസ്ലീംലീഗിനുള്ള വിശ്വാസ്യത എടുത്തു പറയേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരളത്തില്‍ സമുദായ സ്പര്‍ധ ഇല്ലാതാക്കാന്‍ ലീഗിന്റെ സാന്നിദ്ധ്യം കൊണ്ടു കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിനെ പിന്താങ്ങാന്‍ പിഡിപി എടുത്ത രാഷ്ട്രീയ തീരുമാനം നല്ലതു തന്നെ. അത് സ്വാഗതാര്‍ഹമാണ്.

നാലു മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിന് ബിജെപി ക്ക് അവരുടേതായ കാരണം കാണും. വടകര- ബേപ്പൂര്‍ മോഡല്‍ ആവര്‍ത്തിക്കാനൊന്നുമല്ല ഇത്.

തനിക്കെതിരേ സ്ത്രീ സംഘടനകള്‍ പ്രചാരണത്തിനു വന്നാല്‍ പ്രശ്നമൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു തരത്തിലുള്ള പ്രചാരണത്തേയും അഭിമുഖീകരിക്കാന്‍ തനിക്കു മടിയില്ല. ഈ പ്രചാരണം വിലപ്പോയിരുന്നുവെങ്കില്‍ താനിപ്പോള്‍ ഇങ്ങനെ നിലനില്‍ക്കുകയില്ലായിരുന്നു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം മാറ്റുമെന്ന യു ഡി എഫ് കണ്‍വീനര്‍ കെ ശങ്കരനാരായണന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നയം പ്രകടന പത്രികയില്‍ വ്യക്തമാക്കും. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല ലീഗിന്റേത്. ചാരായ നിരോധനം കര്‍ക്കശമായി നടപ്പാക്കാന്‍ യുഡിഎഫ് നടപടി സ്വീകരിക്കും.

നാദാപുരത്ത് സമാധാനാന്തരീക്ഷം ഉറപ്പു വരുത്താന്‍ ലീഗ് പിന്തുണ നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാദാപുരത്തെ പ്രശ്നങ്ങളെ വര്‍ഗീയമെന്ന് മുദ്രകുത്തിയതും പഞ്ചായത്ത് പ്രസിഡന്റിനെ കേസില്‍ കുടുക്കിയതുമൊക്കെ സമാധാനത്തിനു ഭംഗം വരുത്തിയതായി ലീഗ് നേതാവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X