കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ മന്ത്രിസഭായോഗം ഇന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ ആദ്യയോഗം മെയ് 30 ബുധനാഴ്ച നടക്കും.

രണ്ടു ഘട്ടമായിട്ടായിരിക്കും മന്ത്രിസഭായോഗം ചേരുന്നത്. രാവിലെ ചേരുന്ന ആദ്യഘട്ടം യോഗത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ആയിരിക്കും മുഖ്യവിഷയം. ഉച്ചയ്ക്ക് ശേഷം ചേരുന്ന രണ്ടാം ഘട്ട യോഗത്തില്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

കടുത്ത സാമ്പത്തികബുദ്ധിമുട്ടുകള്‍ അതിജീവിക്കാനുള്ള പോംവഴികള്‍ക്കു തന്നെയായിരിക്കും മന്ത്രിസഭായോഗം പ്രാമുഖ്യം നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥ തരണം ചെയ്യാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാനുള്ളനിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ചത്തെ യോഗം തീരുമാനമെടുത്തേക്കും.

കൂടാതെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വകാര്യമേഖലയെയും സഹകരണമേഖലയെയും എങ്ങനെ ഉപയോഗപ്പെടുത്താം എന്നും യോഗം ആലോചിക്കും. പ്രവാസികള്‍ക്കും പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്കും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്ന് ഇതിനകം തന്നെ മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യവും മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

മദ്യനയവും വനം ഓര്‍ഡിനന്‍സും ജനകീയാസൂത്രണവും ഡിപിഇപിയും ആയിരിക്കും മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് വരുന്ന മറ്റു പ്രധാന വിഷയങ്ങള്‍. കളള് വിതരണം ചെയ്യുന്നത് കള്ളുസഹകരണസംഘങ്ങളെ ഏല്പിച്ചുകൊണ്ട് നായനാര്‍ സര്‍ക്കാര്‍ എടുത്ത നടപടി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിദേശ മദ്യം പൊതുമേഖലയില്‍ക്കൂടി തന്നെയായിരിക്കും വിതരണം നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനകീയാസൂത്രണത്തില്‍ പഞ്ചായത്തുകള്‍ കൂടുതല്‍ സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ധ സമിതികള്‍ പിരിച്ചുവിടുക എന്നതാണ് പ്രധാന നിര്‍ദ്ദേശം.

ഡിപിഇപി സംബന്ധിച്ച പ്രശ്നത്തില്‍ മന്ത്രിസഭ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേക്കുമെന്ന് കരുതുന്നു. ഈ അധ്യയനവര്‍ഷം മുതല്‍ ഡിപിഇപി എട്ടാം ക്ലാസിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിപിഇപി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്നും ഈവര്‍ഷം താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇത് എട്ടാം ക്ലാസിലേക്കും വ്യാപിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എട്ടാംക്ലാസിലേക്ക് തയ്യാറാക്കിയ പുസ്തകങ്ങളില്‍ ഒട്ടേറെ തെറ്റുകള്‍ കണ്ടു പിടിച്ചത് ഏറെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X