കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ യോജിപ്പില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ പറഞ്ഞു.

യഥാര്‍ത്ഥസാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങളോട് തുറന്നുപറഞ്ഞ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണമെന്ന് മെയ് 30 ബുധനാഴ്ച കേസരി ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ നിര്‍ദ്ദേശത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സമൂഹത്തിലെ ചെറുപ്പക്കാര്‍ മുഴുവന്‍ നിരാശരാകും. 40 ലക്ഷത്തില്‍കൂടുതല്‍ യുവാക്കള്‍ സംസ്ഥാനത്ത് തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. പ്രതിവര്‍ഷം 25,000ത്തോളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ തലത്തില്‍ തൊഴില്‍ കൊടുക്കാന്‍ സാധിക്കുന്നുള്ളൂ. തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുമൂലമാണെന്ന് യുവാക്കള്‍ കരുതിയാല്‍, ആ നിരാശ താങ്ങാന്‍ സമൂഹത്തിന് കഴിയില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ 55 വയസ്സില്‍ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഏറ്റവും പക്വതയാര്‍ന്ന ഘട്ടത്തില്‍ എത്തുന്നുവെന്നും ധാരാളം അനുഭവസമ്പത്ത് നേടുന്നുവെന്നും പരിഗണിച്ച് യുവാക്കളെക്കൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഘട്ടംഘട്ടമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി സ്വീകരിക്കുന്നത് ഒരുപക്ഷെ അഭികാമ്യമായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഭരണമൊഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിനാണ്. യഥാര്‍ത്ഥ സാമ്പത്തികസ്ഥതിയെന്തെന്ന് തുറന്നു പറയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാം ഭദ്രമെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമം.

ജനങ്ങളോട് യഥാര്‍ത്ഥ സ്ഥിതി തുറന്നുപറയുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന് ആദ്യമായി ചെയ്യാനുള്ളത്. രാഷ്ട്രീയത്തിനുപരിയായി സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുകയാണ് പിന്നീട് ചെയ്യേണ്ടത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥിതി ഭദ്രമാക്കുകയാകണം അന്തിമലക്ഷ്യം - ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സേവനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന നിലവാരം തിരിച്ചും ഉറപ്പാക്കണം. കാര്‍ഷിക മേഖലയെ പട്ടിണിമരണത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചാണ് ഇടതുമുന്നണി ഭരണം ഒഴിഞ്ഞത്. സംസ്ഥാനസര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കും.

രാഷ്ട്രീയ വൈരാഗ്യത്തോടെ ഒരു പ്രശ്നത്തെയും സമീപിക്കേണ്ട എന്നാണ് യുഡിഎഫിന്റെ പൊതുസമീപനം. ഇടതുമുന്നണിയോടുള്ള എതിര്‍പ്പിനൊപ്പം യുഡിഎഫില്‍ വലിയ പ്രതീക്ഷയും ജനത്തിനുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായി സല്‍ഭരണം നടത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X