ഇറക്കുമതി നയം ഫാക്ടിന് ഭീഷണി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇറക്കുമതി നയം പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് ഭീഷണിയാണെന്ന് ഫാക്ട് ജനറ ല്‍ മാനേജര്‍ ഡോ.എന്‍.കെ.പിള്ള.
ഫാക്ടിന്റെ പ്രധാന ഉത്പന്നമായ കപ്രോലാക്ടത്തിന്റെ കസ്റംസ് തീരുവ 25 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. വിപണിയിലെ മത്സരം നേരിടാന്‍ കപ്രോലാക്ടത്തിന്റെ വില ടണ്ണിന് 3,000 രൂപ കുറയ്ക്കാന്‍ ഫാക്ട് നിര്‍ബന്ധിതമായെന്ന് ജൂണ്‍ അഞ്ച് ചൊവാഴ്ച പിള്ള മലയാളം ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു.
2000-2001 സാമ്പത്തിക വര്‍ഷത്തില്‍ ഫാക്ടിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായി. കപ്രോലാക്ടത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയില്ലെങ്കില്‍ കമ്പനി പ്രതിസന്ധിയിലാകുമെന്ന് പിള്ള വ്യക്തമാക്കി. എന്നാല്‍ ഫാക്ടിന്റെ പെട്രോക്കെമിക്കല്‍ വിഭാഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപ ലാഭമുണ്ടാക്കി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 52,500 ടണ്‍ കപ്രോലാക്ടം ഫാക്ട് വിറ്റഴിച്ചു. ഇതില്‍ 13,000 ടണ്‍ കയറ്റുമതി ചെയ്യുകയായിരുന്നു. തല്കാലം ഫാക്ട് പുതിയ യൂണിറ്റുകളൊന്നും തുടങ്ങില്ലെന്ന് പിള്ള അറിയിച്ചു. കൊച്ചിയില്‍ സള്‍ഫ്യൂരിക്ക് ആസിഡ് തുടങ്ങാനുള്ള പദ്ധതിയുണ്ട്. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് പിള്ള പറഞ്ഞു.
7,300 പേരാണ് ഇപ്പോള്‍ ഫാക്ടില്‍ ജോലി ചെയ്യുന്നത്. ഇത് അധികമാണെങ്കിലും ആരെയും പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പുതിയ നിയമനങ്ങള്‍ ഒഴിവാക്കുന്നുണ്ടെന്ന് പിള്ള പറഞ്ഞു.
ഫാക്ടില്‍ നിന്നുള്ള മലിനജലം പെരിയാറിനെ മലിനമാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പിള്ള വ്യക്തമാക്കി. 365 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ പെട്രോക്കെമിക്കല്‍ പ്ലാന്റില്‍ 60 കോടി രൂപയും മലിനീകരണ നിയന്ത്രണത്തിനാണ് ചെലവാക്കിയതെന്ന് പിളള വ്യക്തമാക്കി.












Click it and Unblock the Notifications