കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്ത സ്മൃതികളുമായി ഹിരോഷിമ

  • By Staff
Google Oneindia Malayalam News

ഹിരോഷിമ: മനുഷ്യരാശിക്കുമേല്‍ ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്‍ കാടത്തത്തിന്റെ സ്മരണ ഹിരോഷിമ നഗരം പുതുക്കി. ആറ്റംബോംബ് വീണതിന്റെ 56ാം വാര്‍ഷികമാചരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് ആഗസ്ത് ആറ് തിങ്കളാഴ്ച ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ തടിച്ചുകൂടിയത്.

ദുരത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടും പരിക്കേറ്റവരോടുമൊപ്പം ജപ്പാന്‍ പ്രധാനമന്ത്രി ജുനിച്ചിറോ കൊയിസുമിയും ചടങ്ങില്‍ പങ്കെടുത്തു. പുതുതലമുറയില്‍ നിന്ന് ഈ ദുരന്തസ്മൃതികള്‍ മാഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ചടങ്ങില്‍ പങ്കെടുത്ത ഏറെ പേരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

രാവിലെ 8.15ന് സമാധാനമണി മുഴങ്ങിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. 1945 ആഗസ്ത് ആറിന് അമേരിക്കന്‍ യുദ്ധവിമാനം ബോംബ് വര്‍ഷിച്ചത് രാവിലെ 8.15നായിരുന്നു. മണിമുഴങ്ങിയ ശേഷം ചടങ്ങിനെത്തിയവരെല്ലാം ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി നിമിഷനേരം മൗനമാചരിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ പേരുകള്‍ അടങ്ങിയ രണ്ട് പുസ്തകങ്ങള്‍ ഹിരോഷിമ മേയര്‍ തദാതോഷി അകിബ സ്മാരകത്തില്‍ വച്ചു. ദുരന്തത്തിന്റെ മാരകഫലങ്ങള്‍ അനുഭവിച്ച് അടുത്തിടെ മരിച്ച 4,757 ആളുകളുടെ പേരുകള്‍ കൂടി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരുടെ മരണത്തോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 2,21,893 ആയി. ബോംബ്സ്ഫോടനത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന സ്മരണചടങ്ങില്‍ ഇവരുടെ പേരുകള്‍ പുസ്തകത്തില്‍ ചേര്‍ത്തുവരികയാണ്. ബോംബ് സ്ഫോടനം നടന്ന 1945ല്‍ത്തന്നെ 1,40,000 പേര്‍ മരിച്ചിരുന്നു. അന്ന് ഹിരോഷിമയിലെ ആകെ ജനസംഖ്യ 3,50,000 മാത്രമായിരുന്നു എന്നു കൂടി ഓര്‍ക്കുമ്പോഴാണ് ബോംബിന്റെ മാരകപ്രഹരശേഷി വ്യക്തമാകുന്നത്.

മനുഷ്യരാശിക്കേറ്റ ഈ കനത്ത തിരിച്ചടി പക്ഷെ ജപ്പാനിലെ യുവതലമുറ മറന്നുതുടങ്ങിയിരിക്കുന്നു. ഹിരോഷിമയിലെ 64.8 ശതമാനം പ്രാഥമിക സ്കൂള്‍ കുട്ടികള്‍ക്കും ദുരന്തം നടന്ന തീയതി അറിയില്ലത്രെ! രക്ഷപ്പെട്ടവരുടെ ശരാശരി വയസ്സ് ഇപ്പോള്‍ 70 ആയിരിക്കുന്നതും ദുരന്തസ്മരണ നിലനിര്‍ത്തുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്.

ആണവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള ജപ്പാന്റെ ശ്രമം ഇനിയും തുടരുമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി കൊയിസുമി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X