കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍നടയാത്രക്കാര്‍ ഭയക്കുന്ന തിരുവനന്തപുരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനമായ തിരുവനന്തപുരം ഒരിക്കല്‍ കാല്‍നടയാത്രക്കാരുടെ പറുദീസയായിരുന്നു. എന്നാല്‍ ഇന്ന് പൊയ്പ്പോയ സുവര്‍ണകാലത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ് പഴയ തലമുറ.

നഗരത്തില്‍ മൃഗശാല വളപ്പ് ഒഴികെയുള്ള സ്ഥലങ്ങളൊന്നും മനസമാധാനത്തോടെ നടക്കാന്‍ പറ്റിയതല്ലെന്ന് വര്‍ഷങ്ങളായി നഗരത്തിലൂടെ നടക്കുന്നവര്‍ പറയുന്നു. കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിക്കാതെയുള്ള ട്രാഫിക്ക് പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.

ഒരു വര്‍ഷം നഗരത്തില്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 33. 33 ശതമാനം പേര്‍ കാല്‍നടയാത്രക്കാരാണെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് പ്ലാനിംഗ് സെന്റര്‍ (നാട്പാക്) നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സെക്രട്ടറിയേറ്റ്, പാളയം, വഴുതക്കാട്, തമ്പാനൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളാണ് കാല്‍നടയാത്രക്കാര്‍ക്ക് തീരെ സുരക്ഷിതത്വമില്ലാത്തതെന്ന് പഠനത്തില്‍ പറയുന്നു.

വഴുതക്കാട് കോട്ടണ്‍ഹില്‍ സ്ക്കൂള്‍ പരിസരത്ത് വൈകുന്നേരം 3. 30 മുതല്‍ നാല് മണി വരെയുള്ള സമയത്ത് മിനിറ്റില്‍ 97 കാല്‍നടയാത്രക്കാരാണ് കടന്നുപോകുന്നത്. ഈ ഭാഗത്ത് നടപ്പാത നിര്‍മ്മിക്കാത്തത് അക്ഷന്തവ്യമായ തെറ്റാണെന്നുള്ളത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധി വിദ്യാര്‍ത്ഥികളും മറ്റ് കാല്‍നടയാത്രക്കാരും നിത്യേനയെന്നോണം ഇവിടെ അപകടങ്ങള്‍ക്കിരയാകുന്നു.

മെഡിക്കല്‍ കോളേജ് പരിസരത്ത് സ്ഥിതി ഇതിലും അപകടകരമാണ്. രാവിലെ 7. 30 മുതല്‍ 11 വരെയും വൈകുന്നേരം മൂന്ന് മുതല്‍ ഏഴ് വരെയുമാണ് ഇവിടെ ഏറ്റവും തിരക്കേറുന്ന സമയം. ഒരര്‍ത്ഥത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ എപ്പോഴും തിരക്കാണ്. അശാസ്ത്രീയമായി ടാക്സികളും ഓട്ടേറിക്ഷകളും പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. മരണാസന്നരായ രോഗികളെയും കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് കുതിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നു. മണിക്കൂറില്‍ 1,000 വാഹനങ്ങളാണ് മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വഴി കടന്നുപോകുന്നതെന്ന് പഠനത്തില്‍ പറയുന്നു.

മെഡിക്കല്‍ കോളേജില്‍ ഒരു സബ്വേയും അതിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കണമെന്ന് നാട്പാക് തിരുവനന്തപുരം വികസന അതോറിറ്റിയോട് നിര്‍ദേശിച്ചിരുന്നെങ്കിലും നാല് വര്‍ഷമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തമ്പാനൂര്‍ പ്രദേശത്ത് ഒരു മണിക്കൂറില്‍ 2, 800 കാല്‍നടയാത്രക്കാരാണ് കടന്നുപോകുന്നത്. ഇവിടെ റോഡിനിരുവശവും നടപ്പാതയുണ്ടെങ്കിലും അത് കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്. തമ്പാനൂരിലും സബ്വേ അത്യാവശ്യമാണെന്ന് നാട്പാക് പറയുന്നു.

സബ്വേകളും മേല്‍പ്പാലങ്ങളും നടപ്പാതകളും ഇല്ലാത്തിടത്തോളം കാലം കാല്‍നടയാത്രക്കാര്‍ക്ക് തിരുവനന്തപുരം മരണഭീതിയുണര്‍ത്തുന്ന നഗരമായി തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X