പാക്കിസ്ഥാനിലെ മദ്രസകളില്‍ 50,000 പൊലീസ്
ഇസ്ലാമബാദ്: വിദ്യാര്‍ഥികള്‍ യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ നടത്താതിരിക്കാനായി പാക്കിസ്ഥാനിലെ മദ്രസകളില്‍ 50,000 പൊലീസുകാരെ നിയോഗിക്കുന്നു.
രാജ്യത്തെ 5000ത്തോളം വരുന്ന വലിയ മദ്രസകളിലും ചെറിയ മദ്രസകളിലും പൊലീസിനെ നിയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തരകാര്യ വകുപ്പ് വക്താവ് അറിയിച്ചു.
രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താനായാണ് ഈ നീക്കം. മതം പഠിക്കുന്നതിന് പകരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയും. ക്രമസമാധാനം തകര്‍ക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നില്ല. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും.
ലോകം താലിബാനെതിരെ നില്‍ക്കെ പാക്കിസ്ഥാന്‍ താലിബാനെ അനുകൂലിക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. അത്തരം നിലപാട് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും. വക്താവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതിനു ശേഷം യുഎസിനെ പിന്തുണക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.