സംഘര്‍ഷസാധ്യത: കണ്ണൂരില്‍ മിന്നല്‍പ്പട
കണ്ണൂര്‍: ഡിസംബറില്‍ പതിവുള്ള ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം തടയാനായി കണ്ണൂരില്‍ നവമ്പര്‍ 22 വ്യാഴാഴ്ച മിന്നല്‍പ്പടയിറങ്ങും. സംസ്ഥാന മിന്നല്‍ പടയുടെ രണ്ടു കമ്പനി പൊലീസുകാരെയാണ് ഇവിടെ നിയോഗിക്കുക.
രണ്ടുകമ്പനി സായുധസേനയെ പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷമേഖലകളായ കൂത്തുപറമ്പ്, പാനൂര്‍, തലശേരി എന്നിവിടങ്ങളില്‍ നവമ്പര്‍ 21 ബുധനാഴ്ച മുതല്‍ റെയ്ഡ് തുടങ്ങി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വ്യാഴാഴ്ച മുതല്‍ റെയ്ഡില്‍ പങ്കെടുക്കും.
ഡിസംബര്‍ മാസത്തില്‍ കണ്ണൂരില്‍ സംഘര്‍ഷം പതിവാണ്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷവും ഡിസംബറില്‍ കണ്ണൂരില്‍ ദിവസങ്ങളോളം സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷസാധ്യതമുന്നില്‍ കണ്ടാണ് റെയ്ഡ് നടത്തുന്നതെന്ന് കണ്ണൂര്‍ എസ്പി മനോജ് എബ്രഹാം പറഞ്ഞു. അക്രമികളെ നേരിടാന്‍ ഇത്തവണ എകെ 47 തോക്കുകളും എത്തിയിട്ടുണ്ട്.
1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണനെ മൊകേരി ഈസ്റ് യുപി സ്കൂളില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഇക്കുറി സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് നേരത്തെ തന്നെ ഇരുവിഭാഗങ്ങളിലെയും നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. അക്രമങ്ങളിലേക്ക് തിരിയില്ലെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്കിയിട്ടുണ്ട്. തലശേരി, പാനൂര്‍, കൂത്തുപറമ്പ്, ചൊക്ലി, കൊളവല്ലൂര്‍, മാലൂര്‍, ധര്‍മടം എന്നീ പൊലീസ് സ്റേഷന്‍ പരിധികളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും.












Click it and Unblock the Notifications