സമാധാനം മുഷാറഫിന്റെ കൈകളില്‍:ജസ്വന്ത് സിംഗ്
ദില്ലി: ഇന്ത്യയുമായി ഒരു യുദ്ധം ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ മുഷാറഫിന്റെ കൈകളിലാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ്. മെയ് 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം ആഗ്രഹിക്കുന്നതായി ഇന്നലെ മുഷാറഫ് പറഞ്ഞു. പക്ഷെ അത് കൈവരിക്കേണ്ട ചുമതല അദ്ദേഹത്തിന്റെ കൈകളിലാണ്. - ജസ്വന്ത് സിംഗ് പറഞ്ഞു.
ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളെ വിട്ടുതരിക, തീവ്രവാദസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തുക, അതിര്‍ത്തികടന്നുളള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നീ ഇന്ത്യയുടെ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ നടപ്പാക്കണം. സമാധാനം നേടാനുള്ള മുന്നുപാധികള്‍ ഇവയൊക്കെയാണെന്നും ജസ്വന്ത് സിംഗ് വിശദീകരിച്ചു.
പാകിസ്ഥാനിലുള്ള തീവ്രവാദികളെയും തീവ്രവാദകേന്ദ്രങ്ങളെയും ഇല്ലാതാക്കുന്ന കാര്യത്തില്‍ മുഷാറഫ് കര്‍ശനമായ നടപടിയെടുക്കണം. മുഷാറഫ് കഴിഞ്ഞദിവസം രാജ്യത്തോട് നടത്തിയ പ്രസംഗം നിരാശാജനകവും അപകടകരവുമാണ്. നേരത്തെ അദ്ദേഹം തന്നെ നടത്തിയ വാഗ്ദാനങ്ങളില്‍ നിന്നുള്ള പിറകോട്ടുപോകലായിരുന്നു ആ പ്രസംഗം. - ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു.
തീവ്രവാദം ഇന്ത്യയെ മാത്രമല്ല, മറ്റ് രാജ്യങ്ങളേയും ലക്ഷ്യം വയ്ക്കുന്നു. പക്ഷെ തീവ്രവാദത്തിന്റെ ആസ്ഥാനം പാകിസ്ഥാനാണെന്ന് ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കണം. ഒരിക്കലും ആണവായുധം പ്രയോഗിക്കുമെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ജസ്വന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications