കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്‍ഡില്‍ ചേക്കേറാന്‍ ഇനി കടമ്പകളേറെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും തേടി ന്യൂസിലന്‍ഡില്‍ കുടിയേറാനുളള മലയാളി മോഹത്തിന് തിരിച്ചടി.

ഉയര്‍ന്ന വിദ്യാഭ്യാസവും പ്രവൃത്തി പരിചയവുമുളളവരുടെ വാഗ്ദത്ത ഭൂമിയായിരുന്നു ന്യൂസിലാന്‍ഡ്. എന്നാല്‍ കുടിയേറ്റത്തിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറ്റവും വലിയ തിരിച്ചടിയായത് മലയാളിയ്ക്കാണ്.

ന്യൂസിലാന്‍ഡില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു വേണ്ട പാസ് മാര്‍ക്കിന്റെ പരിധി ഒറ്റയടിക്ക് മൂന്ന് പോയിന്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 25 ആയിരുന്നു നേരത്തെയുണ്ടായിരുന്ന പാസ് മാര്‍ക്ക്. ഇത് 28 ആക്കി വര്‍ദ്ധിപ്പിച്ചു കൊണ്ടുളള വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ 11 ന് പുറത്തു വന്നു.

അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, ഉറച്ച തൊഴിലവസരങ്ങള്‍ എന്നിവ പരിഗണിച്ചാണ് പാസ് മാര്‍ക്ക് നിശ്ചയിക്കുന്നത്. രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളയാള്‍ക്ക് നേരത്തെ ന്യൂസിലന്‍ഡില്‍ ജോലി ലഭിക്കുമായിരുന്നു.

നഴ്സുമാര്‍, ഇലക്ട്രീഷ്യന്‍മാര്‍, ടീച്ചര്‍മാര്‍, പാല്‍ സംസ്ക്കരണ വിദഗ്ദ്ധര്‍, തടി വ്യവസായവുമായി ബന്ധപ്പെട്ടവര്‍, ഐടി വിദഗ്ദ്ധര്‍ എന്നിവര്‍ക്കാണ് ന്യൂസിലാന്‍ഡില്‍ മുന്‍ഗണനയുണ്ടായിരുന്നത്.

ഇപ്പോള്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നാലു വര്‍ഷത്തെ പ്രൊഫഷണല്‍ ബിരുദമാണ് അപേക്ഷകന് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തി പരിചയം വേണം. പൂര്‍ണാരോഗ്യം, ന്യൂസിലന്‍ഡില്‍ സ്ഥിരതാമസത്തിന് ആവശ്യമായ ഫണ്ട് ഉറപ്പു വരുത്തുക, അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുളള കഴിവ് എന്നിവയും അത്യാവശ്യമാണ്.

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റിംഗ് സിസ്റം അനുസരിച്ചുളള പരീക്ഷയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും വേണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ന്യൂസിലാന്‍ഡിലെ വിദേശ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് വിദേശകാര്യ മന്ത്രി ലിയാനെ ഡാല്‍സിയല്‍ പറയുന്നു. 2002 - 03 ല്‍ 45,000 വിദേശികള്‍ക്കു മാത്രമേ പ്രവേശനം നല്‍കൂവെന്നും അവര്‍ വ്യക്തമാക്കി.

കഹോ ന പ്യാര്‍ ഹെ എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയിലെ യുവത്വത്തിന് ചലോ ന്യൂസിലാന്‍ഡ് മാനിയ ബാധിച്ചത്. ഗള്‍ഫിന്റെ തിളക്കം കുറഞ്ഞപ്പോള്‍ അഭ്യസ്തവിദ്യരായ മലയാളികളുടെ അടുത്ത നോട്ടം ന്യൂസിലാന്‍ഡ് ആയിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറുന്നത് ഏറെക്കുറെ അസാധ്യമായതും ന്യൂസിലാന്‍ഡിനോട് പ്രിയം വര്‍ദ്ധിക്കാന്‍ കാരണമായി.

ഇംഗ്ലണ്ടിനെക്കാള്‍ കുറച്ചു കൂടി വലിയ രാജ്യമാണെങ്കിലും ആകെ 35 ലക്ഷമാണ് അവിടുത്തെ ജനസംഖ്യ. ഒട്ടേറെ മലയാളികള്‍ ഇവിടേയ്ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ കുടിയേറിയിട്ടുണ്ടെന്ന് കൊച്ചിയിലെ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി പറയുന്നു. ഒരു മലയാളി സമാജവും അവിടെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ!

വിദഗ്ദ്ധരുടെ അഭാവമാണ് ഇത്രയേറെ കുടിയേറ്റക്കാരെ ന്യൂസിലാന്‍ഡിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ഒരു ചതുരശ്രമൈലിന് 32 എന്നതാണ് ഇവിടുത്തെ ജനസംഖ്യാനുപാതം. ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ ഇളവുകളും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

ഉയര്‍ന്ന ജീവിത നിലവാരം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മികച്ച വേതന നിരക്ക്, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, നല്ല കാലാവസ്ഥ എന്നിവയൊക്കെ ന്യൂസിലാന്‍ഡിന്റെ സവിശേഷതകളാണ്. ഇതൊക്കെ അറിയാവുന്നവരാണ് എന്തു വില കൊടുത്തും അവിടെ കുടിയേറാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ന്യൂസിലാന്‍ഡിലെ ഇന്ത്യാക്കാരുടെ വകയായ മറ്റൊരു മുന്നറിയിപ്പു നല്‍കുന്നു. ഭാവനയിലുളളതു പോലെ സ്വര്‍ഗസമാനമായ ജീവിതമല്ല, ന്യൂസിലാന്‍ഡിലേത്. ഒട്ടേറെ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി വേണം ഇവിടേയ്ക്കു വരാന്‍. യാഥാര്‍ത്ഥ്യബോധമില്ലെങ്കില്‍ കടുത്ത നിരാശയാവും ഫലമെന്നാണ് സൈറ്റിന്റെ മുന്നറിയിപ്പ്.

ഏതായാലും മികച്ച അവസരങ്ങളുടെ സ്വപ്ന ഭൂമിയെന്നു കരുതപ്പെട്ട മറ്റൊരു രാജ്യം കൂടി അന്യനാട്ടുകാരുടെ മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X