മാധ്യമം റിപ്പോര്‍ട്ടറുടെ വീട് റെയ്ഡ് ചെയ്തു
കൊച്ചി: മാധ്യമം റിപ്പോര്‍ട്ടര്‍ പി. കെ. പ്രകാശിന്റെ പെരുമ്പാവൂരിലെ വീട് പൊലീസ് റെയ്ഡ് ചെയ്തു.
റെയ്ഡ് നടക്കുമ്പോള്‍ പ്രകാശിന്റെ ഭാര്യയും കുഞ്ഞും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രകാശ്.
ആഗോള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് റെയ്ഡെന്ന് അറിയുന്നു. ആഗോള നിക്ഷേപക സംഗമത്തിനെതിരെ രംഗത്തുവന്നിട്ടുള്ള യുവജനവേദിയുടെ മുന്‍ ജില്ലാ സെക്രട്ടറിയാണ് പ്രകാശ്. 1994ലാണ് പ്രകാശ് യുവജനവേദി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാന, കേന്ദ്ര, ഇന്റലിജന്‍സ് ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ പ്രകാശില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിച്ചു.
എന്തിന്റെ പേരിലാണ് റെയ്ഡെന്ന് അറിയില്ലെന്ന് പ്രകാശ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. കോട്ടയം പ്രസ് ക്ലബില്‍ യൂണിയന്റെ പ്രതിഷേധ യോഗം നടന്നു. മനുഷ്യാവകാശ ലംഘനവും പത്രപ്രവര്‍ത്തന സ്വാതന്ത്യ്രത്തിന് നേരെയുള്ള കൈയേറ്റവുമാണ് പൊലീസ് നടപടിയെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications