മുത്തങ്ങ: സോണിയ ഇടപെട്ടേക്കും
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി ഒറ്റപ്പെടുന്നു.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുത്തങ്ങ സംഭവത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ നിന്ന് സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ സോണിയ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം എന്ന് അരുന്ധതിറോയി വിശേഷിപ്പിച്ച മുത്തങ്ങ സംഭവം ഗൗരവത്തോടെ കാണാതിരിക്കാന്‍ സോണിയാഗാന്ധിയ്ക്കാവില്ല. കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സോണിയ നിര്‍ദേശിച്ചാല്‍ ആന്റണിയ്ക്ക് അത് തിരിച്ചടിയാവും.
കോണ്‍ഗ്രസില്‍ തന്നെ സുധീരനെ പോലുള്ളവര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെടുമ്പോഴും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ആന്റണി തയ്യാറല്ല. ആന്റണിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. എന്നാല്‍ സോണിയ ഇടപെട്ടാല്‍ മുത്തങ്ങ സംഭവം ആന്റണിയുടെ പ്രതിഛായക്ക് പ്രതികൂലമായി ബാധിക്കും.












Click it and Unblock the Notifications