വാജ്പേയിയും ജയലളിതയും അകലുന്നുവോ?
ചെന്നൈ: വാജ്പേയിയുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടുക്കുന്നതിനിടയില്‍ വീണ്ടും സൗന്ദര്യപ്പിണക്കം. പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ആഗമന വിഭാഗത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ജയലളിത ബഹിഷ്കരിച്ചതോടെയാണിത്.
തനിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കാത്തതുകൊണ്ടാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്ന് പിന്നീട് ജയലളിത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചടങ്ങിനായൊരുക്കിയ വേദിയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു മൂലയിലാണ് എനിക്ക് കസേര തന്നത്. എന്നാല്‍ ഇതുമായി യാതൊരുബന്ധവുമില്ലാത്ത കേന്ദ്ര പരിസ്ഥിതി മന്ത്രി ടി.ആര്‍. ബാലുവിന് പ്രധാനമന്ത്രിയുടെ തൊട്ടരികില്‍ സീറ്റ് നല്കുകയും ചെയ്തു. - ജയലളിത പറഞ്ഞു.
പതിവ് രീതിയനുസരിച്ച് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിയുടെ അടുത്തിരിക്കേണ്ടത്. ജയലളിത എന്ന നിലയില്‍ ഒരു ബഹുമാനവും എനിക്ക് വേണ്ട. മുഖ്യമന്ത്രി എന്ന നിലയിലുള്ള പരിഗണന മതി. മാത്രമല്ല പുതിയ ടെര്‍മിനലിന് അന്തരിച്ച മുന്‍മുഖ്യമന്ത്രി എംജിആറിന്റെ പേര് നല്കാമെന്ന് ആദ്യം സമ്മതിച്ച വിമാനത്താവള അധികൃതര്‍ പിന്നീട് വാക്ക് പാലിച്ചില്ല. - ജയലളിത വ്യക്തമാക്കി.
മെയ് മൂന്നിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച കത്ത് ഞാന്‍ വേദിയില്‍ ഒരു മൂലയ്ക്ക് ഇരിയ്ക്കേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള കേന്ദ്രമന്ത്രി ടി.ആര്‍. ബാലുവാണ് ഇതിനെല്ലാം പിന്നില്‍. തന്റെ ഈ സ്വാധീനം സംസ്ഥാനത്തിന് കൂടുതല്‍ അരിയും വരള്‍ച്ച ദുരിതാശ്വാസവും ലഭിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ടി.ആര്‍. ബാലുവിന്റെ നിര്‍ബന്ധം മൂലമായിരിക്കണം വിമാനത്താവള അധികൃതരും പേരിന്റെ കാര്യത്തില്‍ പിന്നോട്ട്പോയത്. അണിയറയില്‍ നിന്ന് ഇതെല്ലാം പ്രവര്‍ത്തിച്ച ശേഷം ഞാന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണ് ബാലു. - ജയലളിത അഭിപ്രായപ്പെട്ടു.
നേരത്തെ ഏപ്രില്‍ 14ന് ചടങ്ങ് നടക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചടങ്ങ് നീട്ടിവയ്ക്കുന്നതായി അറിയിപ്പ് ലഭിച്ചു. വിമാനത്താവളം നില്ക്കുന്ന ആളന്തൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ ബി. വളര്‍മതിയെ ചടങ്ങിന് ക്ഷണിച്ചില്ല. ചെന്നൈയില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ദില്ലിയില്‍ നിന്ന് കത്ത് പോലും കിട്ടിയില്ല. - ജയലളിത പറഞ്ഞു.












Click it and Unblock the Notifications