സുദീപിനെ മമത പുറത്താക്കി
കൊല്‍ക്കത്ത: സുദീപ് ബന്ദോപാദ്ധ്യായയെ മമതാ ബാനര്‍ജ്ജി ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായി വാജ്പേയി ഉദ്ദേശിച്ചിരുന്നു.
മമതയോട് ആലോചിയ്ക്കാതെയാണ് വാജ് പേയി ഇതിന് തീരുമാനിച്ചതെന്നതാണ് മമതയെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ദില്ലിയിലേയ്ക്ക് പോയി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണ്ടെന്ന് മമത തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് സുദീപിനെ പുറത്താക്കിയത്. ഉപ പ്രധാനമന്ത്രി എല്‍ കെ. അദ്വാനിയുമായി സുദീപിനുള്ള അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനെ മന്ത്രിസഭയിലേയ്ക്ക് തിരഞ്ഞെടുക്കാന്‍ കാരണമായത്.
ഇതിനിടെ മേയ് 24 ശനിയാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ആരെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് വാജ്പേയി വ്യക്തമാക്കിയിട്ടുണ്ട്.
മമത വിളിച്ച് ചേര്‍ത്ത പാര്‍ട്ടിയുടെ അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. ഈ യോഗത്തില്‍ സുദീപ് ബന്ദോപാദ്ധ്യായ പങ്കെടുത്തിരുന്നില്ല. ഇങ്ങനെ ഒരു യോഗം നടക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നാണ് സുദീപ് പറഞ്ഞത്. ഇദ്ദേഹത്തെ കൂടാതെ തൃണമൂല്‍ എം പി മാരായ കൃഷ്ണ ബോസ്, നിതീഷ് സെന്‍ഗുപ്ത, ദിനേഷ് ത്രിവേദി എന്നിവരും പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇവരുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications