സണ്ടിയറിന് സംരക്ഷണം നല്‍കില്ലെന്ന് ജയ
ചെന്നൈ: കമലഹാസന്റെ സണ്ടിയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി.
പ്രശ്നങ്ങളൊന്നുമില്ലാതെ അനേകം ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്നുണ്ട്. ഈ സിനിമയുടെ നിര്‍മാതാവ് എന്തിനാണ് വിവാദപരമായ ഒരു വിഷയം തിരഞ്ഞെടുക്കുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്നത്- ജയലളിത ചോദിച്ചു.
പൊലീസിന്റെ കടമ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. അല്ലാതെ ഒരു വ്യക്തിക്ക് നീണ്ട കാലം സംരക്ഷണം നല്‍കുകയല്ല. സിനിമയുടെ ചിത്രീകരണം മൂലം ക്രമസമാധാനപ്രശ്നം ഉണ്ടാകും എന്ന് തോന്നുന്നുവെങ്കില്‍ സംരക്ഷണം നിഷേധിക്കാന്‍ പോലും പൊലീസിന് അവകാശമുണ്ട്.- ജയലളിത പറഞ്ഞു.
തന്റെ പുതിയ സിനിമ ഏതെങ്കിലും തരത്തിലുള്ള സാമുദായിക സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് കമലഹസന്‍ അവകാശപ്പെട്ടിരുന്നു. സിനിമയുടെ ഷൂട്ടിംഗിന് സംരക്ഷണ ആവശ്യപ്പെട്ട് ജയലളിതയെ കാണാന്‍ കമലഹാസന്‍ ശ്രമിച്ചെങ്കിലും ജയ കൂടിക്കാഴ്ച പോലും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ കമലഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉപേക്ഷിച്ചിരിക്കുകയാണ്.
അതേ സമയം തെക്കന്‍ ജില്ലകളിലുണ്ടായ പഴയ ഒരു സാമുദായിക ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സംഘര്‍ഷം മാത്രമേ സൃഷ്ടിക്കുകയുള്ളൂവെന്ന് ദളിത് പാര്‍ട്ടിയായ പുതിയ തമിഴകത്തിന്റെ തലവന്‍ ഡോ. കെ. കൃഷ്ണസ്വാമി പറഞ്ഞു.












Click it and Unblock the Notifications