അമ്മയില്‍ എല്ലാവരും ഒറ്റക്കെട്ട്: മോഹന്‍ലാല്‍
തിരുവനന്തപുരം: അമ്മയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സംഘടനയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനെത്തിയ മോഹന്‍ലാല്‍ ജൂലായ് ഒന്ന് ചൊവാഴ്ച അമ്മ ഓഫീസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു. അമ്മയുടെ സെക്രട്ടറി സ്ഥാനം പദവിയല്ലെന്നും ഒരു ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.
അമ്മയ്ക്ക് സ്വന്തമായി കെട്ടിടവും ഓഫീസും നിര്‍മിക്കാന്‍ ശ്രമിക്കും. ചിലരുടെ താത്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ നീക്കമുണ്ടാവും. അസോസിയേഷനുള്ളില്‍ ജനാധിപത്യ സ്വഭാവമുള്ളതു കൊണ്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇപ്പോള്‍ 36 പേര്‍ക്ക് അമ്മ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ മെഡിക്കന്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാ സംഘടനകളുമായും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും.
പ്രിയദര്‍ശനും വിതരണക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചുകഴിഞ്ഞെന്നാണ് കരുതുന്നത്. പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടാല്‍ സഹായം നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് മോഹന്‍ലാല്‍ തൈക്കാട്ടെ അമ്മ ഓഫീസിലെത്തിയത്. മാക്ടയ്ക്ക് വേണ്ടി ജി. എസ്. വിജയന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് വേണ്ടി കിരീടം ഉണ്ണി, സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് വേണ്ടി രമേഷ്കുമാര്‍, ഫിലിം ഫ്രറ്റേണിറ്റിക്ക് വേണ്ടി രമേഷ്കുമാര്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി.