തമിഴ്പുലികളെ യുഎസ് വിമര്‍ശിയ്ക്കുന്നു
വാഷിംഗ്ടണ്‍: സമാധാനചര്‍ച്ച തമിഴ്പുലികള്‍ അട്ടിമറിയ്ക്കുകയാണെന്ന് യുഎസ് ആരോപിച്ചു. തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് വെടിനിര്‍ത്തല്‍ കരാര്‍ പാലിയ്ക്കാനും യുഎസ് എല്‍ടിടിഇയോട് ആവശ്യപ്പെട്ടു.
സമാധാനക്കരാറുകളുമായി സഹകരിയ്ക്കാനും എല്‍ടിടിഇയോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് ഫിലിപ്പ് റീക്കര്‍ പറഞ്ഞു. സമാധാനപ്രക്രിയയുടെ ഒരു നിര്‍ണ്ണായകഘട്ടത്തില്‍ അതിനെയെല്ലാം തകിടംമറിച്ച തമിഴ്പുലികളുടെ നടപടികളെ അതീവശ്രദ്ധയോടെയാണ് യുഎസ് നിരീക്ഷിച്ചുവരുന്നതെന്നും ഫിലിപ്പ് റീക്കര്‍ പറഞ്ഞു.
ഈ വര്‍ഷം തമിഴ്പുലികളുടെ രാഷ്ട്രീയ പ്രതിയോഗികളായ മൂന്ന് ഡസന്‍ പേരെങ്കിലും ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു. 2002ലെ വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി ഇപ്പോഴും എല്‍ടിടിഇ ട്രിങ്കോമാലിയില്‍ ഒരു സൈനിക ക്യാമ്പ് നിലനിര്‍ത്തുകയാണ്. - ഫിലിപ്പ് റീക്കര്‍ പറഞ്ഞു.
ശ്രീലങ്കയില്‍ സമാധാനചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിയ്ക്കുന്നതാണ് യുഎസ് ഉറ്റുനോക്കുന്നത്. തുറന്ന മനസ്സും വിട്ടുവീഴ്ചാമനോഭാവവുമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരം ചര്‍ച്ചയിലൂടെ കണ്ടെത്താവുന്നതേയുള്ളൂ. - ഫിലിപ്പ് റീക്കര്‍ അഭിപ്രായപ്പെട്ടു.
ഈയിടെയാണ് എല്‍ടിടിഇ സമാധാനചര്‍ച്ചകളില്‍ നിന്ന് പിന്മാറിയത്. ആറ് വട്ടമായി നടന്ന ചര്‍ച്ചകളില്‍ ഉണ്ടായ വാഗ്ദാനങ്ങള്‍ ശ്രീലങ്കയിലെ സര്‍ക്കാര്‍ പാലിയ്ക്കുന്നില്ലെന്ന് ആരോപിച്ചാണ് എല്‍ടിടിഇ 2002 സപ്തംബറില്‍ ആരംഭിച്ച സമാധാനചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്.