സോണിയ അവിശ്വാസം അവതരിപ്പിച്ചു
ദില്ലി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി ആഗസ്ത് 18 തിങ്കളാഴ്ച ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ചു.
എല്ലാ രംഗത്തും പരാജയപ്പെട്ട വാജ്പേയി സര്‍ക്കാര്‍ അധികാരം ഒഴിയണമെന്ന് അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സോണിയാ ഗാന്ധി പറഞ്ഞു. ഈ സര്‍ക്കാര്‍ ദേശീയതയ്ക്കും മതേതരത്വത്തിനും വെല്ലുവിളിയാണ്. വിദ്യാഭ്യാസമേഖലയുള്‍പ്പെടെ എല്ലാ മേഖലയെയും ഈ സര്‍ക്കാര്‍ വര്‍ഗ്ഗീയ വല്ക്കരിച്ചു. പ്രതിരോധ മേഖലയെ അഴിമതിയിലൂടെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ് ഈ സര്‍ക്കാരെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.
സോണിയാ ഗാന്ധി തന്റെ രാഷ്ട്രീയജീവിതത്തില്‍ ആദ്യമായാണ് ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ഇക്കുറി അധികാരമേറ്റ ശേഷം വാജ്പേയി സര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസവുമാണിത്.
ആഗസ്ത് 19 ചൊവാഴ്ചയാണ് അവിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുക. സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിന് ആഗസ്ത് 19 ചൊവാഴ്ച പ്രധാനമന്ത്രി വാജ്പേയി മറുപടി നല്കും. പിന്നീട് ഇതിനോട് സോണിയാഗാന്ധി പ്രതികരിയ്ക്കും. അതിന് ശേഷമാണ് വോട്ടെടുപ്പ്.
540 അംഗ ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം വിജയിക്കില്ലെന്ന ശുഭാപ്തി വിശ്വാസം എന്‍ഡിഎ സര്‍ക്കാരിനുണ്ട്. ഇതിനിടെ പ്രതിരോധരംഗത്ത് അഴിമതി നടത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പ്രസംഗം ബഹിഷ്കരിയ്ക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചു. നേരത്തെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പ്രസംഗം ബഹിഷ്കരിയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications