അദ്വാനിയെ കുറ്റവിമുക്തനാക്കി
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയെ റായ്ബറേലി കോടതി കുറ്റവിമുക്തനാക്കി.
അതേ സമയം കേസിലെ മറ്റ് പ്രതികളായ മാനവശേഷി വികസന മന്ത്രി മുരളീ മനോഹര്‍ ജോഷി, ബിജെപി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷ ഉമാഭാരതി, ബിജെപി യുപി അധ്യക്ഷന്‍ വിനയ് കത്യാര്‍, വിഎച്ച്പി നേതാക്കളായ അശോക്സിംഗാള്‍, വിഷ്ണുഹരി ഡാല്‍മിയ, സാധ്വി ഋതംബര, ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവര്‍ കേസില്‍ കുറ്റക്കാരാണന്ന് കോടതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10ന് ഇവര്‍ കോടതിയില്‍ ഹാജരാവണം.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പള്ളി തകര്‍ത്തത്.
കേസ് ആദ്യം ചാര്‍ജ് ചെയ്തത് ലഖ്നോ കോടതിയിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി(ക്രിമിനല്‍ ഗൂഡാലോചന), 153എ, 153 ബി(മതവൈരം വളര്‍ത്തല്‍), 147(മതകലാപം), 505 (ആരാധനലായത്തില്‍ ഭിന്നത സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ലഖ്നോ കോടതിയില്‍ പ്രതികള്‍ ചോദ്യം ചെയ്തതോടെ കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. അവിടെനിന്നും യുപി മുന്‍മുഖ്യമന്ത്രി മായാവതിയാണ് ഈ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റിയത്.