കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി കരുണാകരനോ മുരളീധരനോ?

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐ ഗ്രൂപ്പ് അവകാശപ്പെടുന്നതു പോലെ ബദല്‍ സര്‍ക്കാര്‍ നിലവില്‍ വരുന്ന സാഹചര്യം വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി? ബദല്‍ സര്‍ക്കാരിനെ നയിക്കേണ്ടത് ആരായിരിക്കണമെന്ന കാര്യത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ രണ്ട് തട്ടിലാണ്.

കെ. കരുണാകരനെ മുഖ്യമന്ത്രിയാക്കാന്‍ ഒരു വിഭാഗം താത്പര്യപ്പെടുമ്പോള്‍ തന്നെ വലിയൊരു വിഭാഗത്തിന് കെ. മുരളീധരന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം. ബദല്‍ സര്‍ക്കാരിന്റെ നിലനില്പിന് മുരളീധരന്‍ മുഖ്യന്ത്രിയാവുന്നതാണ് നല്ലതെന്നാണ് രണ്ടാമത്തെ വിഭാഗത്തിന്റെ അഭിപ്രായം.

കരുണാകരനുമായി എത്രയോ കാലം ശത്രുതയിലായിരുന്ന സിപിഎം നേതാക്കള്‍ക്ക് എപ്പോഴാണ് മനസ് മാറുകയെന്ന് പറയാനാവില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കരുണാകരനെതിരെ അഴിമതി കേസ് വരെ സി പി എം നടത്തുന്നുണ്ട്. കരുണാകരന് എതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ കൊടുത്തിരിയ്ക്കുന്ന പാമോയില്‍ കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. കരുണാകരനോടുണ്ടായിരുന്ന അകല്‍ച്ച ഭാവിയില്‍ സര്‍ക്കാരിന്റെ നിലനില്പിനെ ബാധിക്കാമെന്നും മുരളി മുഖ്യമന്ത്രിയായാല്‍ കൂറെക്കൂടി നില ഭദ്രമാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

മാത്രമല്ല കരുണാകരനുമായി സി പി എമ്മിനുള്ളത് ഒടുങ്ങാത്ത വൈരമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവും. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന് കരുണാകരന്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ട്ടി ഒരിയ്ക്കലും മറക്കുമെന്ന് തോന്നുന്നില്ല. മാര്‍ക്സിസ്റ് പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ ഈ സര്‍ക്കാരിനെ മറിച്ചിടുകയും കോണ്‍ഗ്രസിനെ പിളര്‍ക്കുകയും മാത്രമാണ് ലക്ഷ്യം. എന്നാല്‍ മുരളിയെ മുഖ്യമന്ത്രിയാക്കിയാല്‍ ആ സര്‍ക്കാരിനെ മറിച്ചിടാന്‍ കരുണാകരന്‍ മുഖ്യമന്ത്രിയായുള്ള സര്‍ക്കാരിനെ മറിച്ചിടാന്‍ കാണിയ്ക്കുന്ന വ്യഗ്രത മാര്‍ക്സിസ്റ് പാര്‍ട്ടി കാണിയ്ക്കുകില്ലെന്നാണ് മുരളി പക്ഷക്കാരുടെ കണക്ക് കൂട്ടല്‍. എന്തായാലും ഐ വിഭാഗത്തില്‍ തന്നെയുള്ള ഈ അഭിപ്രായ ഭിന്നത എ വിഭാഗത്തിന് അനുകൂലമാണെന്ന് കരുതാം.

മുരളീധരന് വേണ്ടി നിലകൊള്ളുന്നവര്‍ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ സ്വാധീനം ഇഷ്ടപ്പെടാത്തവരാണ്. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ പിന്നില്‍ ചരടുവലികള്‍ നടത്തുന്നത് പത്മജയായിരിക്കുമെന്ന് അവര്‍ക്കറിയാം. പത്മജ സര്‍ക്കാരിന്റെ നിയന്ത്രണം പരോക്ഷമായി ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പുള്ളവര്‍ മുരളി തന്നെ മുഖ്യമന്ത്രിയാവുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

അതേ സമയം പത്മജയോട് അടുപ്പമുള്ളവര്‍ക്ക് കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന അഭിപ്രായമാണുള്ളത്. മുമ്പ് ഗൂഢോലോചനയിലൂടെ വിരുദ്ധ വിഭാഗം തട്ടിയെടുത്ത മുഖ്യമന്ത്രിസ്ഥാനം കരുണാകരന് തിരികെ നല്‍കണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരെയൊക്കെ മന്ത്രിമാരാക്കണമെന്ന കാര്യത്തിലും ഐ ഗ്രൂപ്പിനുള്ളില്‍ ധാരണയായിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി.ശങ്കരന്‍ എന്നിവര്‍ക്ക് പുറമെ പി. പി. ജോര്‍ജ്, സാവിത്രി ലക്ഷ്മണന്‍, അടൂര്‍ പ്രകാശ് എന്നിവരെ മന്ത്രിയാക്കാന്‍ ധാരണയായിട്ടുണ്ട്. യുഡിഎഫില്‍ നിന്നു വിട്ടുപോരുന്ന ഘടകകക്ഷികള്‍ക്ക് രണ്ട് വീതം മന്ത്രിസ്ഥാനങ്ങള്‍ നല്‍കും. എ ഗ്രൂപ്പില്‍ നിന്ന് പോരുന്നവര്‍ക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങളും നീക്കിവച്ചിട്ടുണ്ട്.

ഇത്രയുമായാലും പത്ത് മന്ത്രിമാരേ ആവുകയുള്ളു. ഇനിയും കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് സാദ്ധ്യതയുള്ളത് കാണിച്ച് കൂടുതല്‍ പേരെ ആകര്‍ഷിയ്ക്കാനുള്ള ശ്രമത്തിലാണ് ഐ വിഭാഗക്കാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X