സ്കൂളില്‍ വ്യവസായസംരഭകരെ വളര്‍ത്താന്‍ പദ്ധതി
കൊച്ചി: വിദ്യാര്‍ത്ഥികളില്‍ വ്യവസായസംരംഭകശീലം വളര്‍ത്താന്‍ പദ്ധതി. ഈ വര്‍ഷം സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലുമായി 100 വാണിജ്യസംരംഭ ക്ലബുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എന്റര്‍പ്രെണേരിയല്‍ ഡെവലപ്മെന്റ് പ്രിന്‍സിപ്പല്‍ വി. ശിവരാമന്‍ പറഞ്ഞു.
വ്യവസായിക സാങ്കേതികവിദ്യാ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയുടെ സഹകരണത്തോടെയാണ് കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എന്റര്‍പ്രെണേരിയല്‍ ഡെവലപ്മെന്റ് ക്ലബുകള്‍ സ്ഥാപിക്കുന്നത്. കോളജുകളിലും സ്കൂളുകളിലും പഠനം പൂര്‍ത്തിയാക്കുന്നതോടെ സ്വന്തമായി വാണിജ്യ ഉദ്യമത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്.
എറണാകുളത്ത് രാജഗിരി, ദാരുല്‍ ഉലൂം വൊക്കേഷണല്‍ സ്കൂള്‍, എസ്ആര്‍വി സ്കൂള്‍, സെന്റ് പീറ്റേഴ്സ് സ്കൂള്‍ കോലഞ്ചേരി എന്നിവിടങ്ങളില്‍ വാണിജ്യസംരംഭ ക്ലബുകളുണ്ട്.
വാണിജ്യ സംരംഭകരുമായുള്ള ചര്‍ച്ചകളും സംവാദങ്ങളും സെമിനാറുകളും വ്യവസായ യൂണിറ്റ് സന്ദര്‍ശനവും ഈ ക്ലബുകള്‍ സംഘടിപ്പിക്കും. തൊഴിലില്ലായ്മ വര്‍ധിച്ചുവരികയും സര്‍ക്കാര്‍ ജോലിയ്ക്കും സ്വകാര്യ മേഖലയിലെ ജോലിയ്ക്കും സുരക്ഷിതത്വം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തമായ വാണിജ്യ സംരംഭത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ക്ലബിന്റെ ലക്ഷ്യമെന്ന് ശിവരാമന്‍ പറഞ്ഞു.
കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എന്റര്‍പ്രെണേരിയല്‍ ഡെവലപ്മെന്റ് നല്‍കുന്ന സാമ്പത്തിക സഹായത്തോടെയാണ് ഈ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന ജോലികള്‍ വഹിക്കുന്നവരുടെ അതേ ബഹുമാനത്തോടെയാണ് വ്യവസായസംരംഭകരെയും കാണുന്നത്. കേരളത്തിലും വ്യവസായസംരംഭകത്വത്തിന് കൂടുതല്‍ പ്രാധാന്യം കൈവരികയാണ്. - ശിവരാമന്‍ പറഞ്ഞു. ഉദാഹരണമായി അദ്ദേഹം ഐഐഎമ്മില്‍ നിന്ന് ബിരുദം നേടിയ കിഷന്‍ കുമാറിന്റെയും കൃഷ്ണസ്വാമിയുടെയും ഉദാഹരണം പറഞ്ഞു. വന്‍കമ്പനികളില്‍ നിന്നുളള ജോലിവാഗ്ദാനങ്ങള്‍ തിരസ്കരിച്ചുകൊണ്ട് കായഉപ്പേരി ബ്രാന്‍ഡ് ചെയ്യാന്‍ സ്വന്തം സംരംഭം തുടങ്ങാന്‍ തീരുമാനിയ്ക്കുകയായിരുന്നു ഈ ചെറുപ്പക്കാര്‍.- ശിവരാമന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications