കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പ ഒഴിവാക്കണമെന്ന് പഠനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒട്ടേറെ ദോഷഫലങ്ങളുള്ളതിനാല്‍ എഡിബി വായ്പയുടെ അടുത്ത ഗഡുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങരുതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിലെ(സിഡിഎസ്) അസോസിയേറ്റ് ഫേലോ രവി രാമന്‍ നടത്തിയ പഠനം നിര്‍ദേശിക്കുന്നു.

കേരളത്തിനുള്ള എഡിബി വായ്പ: വിപരീത ഫലങ്ങളും ബദല്‍ അന്വേഷണവും എന്ന വിഷയത്തില്‍ നടത്തിയ പഠനത്തില്‍ എഡിബി വായ്പ വാങ്ങുന്നതിന് പകരം ആഭ്യന്തര സ്രോതസുകളെ സര്‍ക്കാര്‍ ആശ്രയിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.

വായ്പ പൂര്‍ണമായും സ്വീകരിച്ചുകഴിഞ്ഞാല്‍ എഡിബി വായ്പ തിരിച്ചടക്കേണ്ട ഇനത്തില്‍ മാത്രമായി ഒരു ദശകക്കാലം സര്‍ക്കാരിന്റെ വാര്‍ഷിക ബാധ്യത 300-370 കോടി രൂപയായിരിക്കും. സാമൂഹികക്ഷേമത്തിനായി ചെലവിടുന്ന തുകയെ ഇത് ബാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ കേരളം ചെലവിടുന്ന തുക കുറഞ്ഞുവരികയാണ്. പക്ഷെ ബാധ്യത തീര്‍ക്കുന്നതിന് വേണ്ടി മാത്രം മൊത്തം വരുമാനത്തിന്റെ നാലിലൊന്ന് നീക്കിവയ്ക്കേണ്ടിവരുമ്പോള്‍ സാമൂഹികക്ഷേമത്തിന് കൂടുതലൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല.

കടബാധ്യതയില്‍ കുരുങ്ങിയിരിക്കുന്ന സംസ്ഥാനത്തിന് എഡിബി വായ്പ പരിഹാരമല്ല. മാത്രമല്ല അത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാനേ സാധിക്കൂ.

സര്‍ക്കാരിന്റെ റവന്യു കുടിശിക പിരിച്ചെടുക്കുകയാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് കൂടുതല്‍ പണം കണ്ടെത്തുന്നതിന് പഠനം നിര്‍ദേശിക്കുന്ന ഒരു മാര്‍ഗം. സംസ്ഥാനത്തിന്റെ മൊത്തം റവന്യു കുടിശിക 3071 കോടി രൂപയോളം വരും. ഈ കുടിശികയുടെ 20 ശതമാനമെങ്കിലും പിരിച്ചെടുത്താന്‍ എഡിബി വായ്പയുടെ അടുത്ത ഗഡുവായി ലഭിക്കുന്ന 600 കോടി രൂപ വാങ്ങുന്നത് ഒഴിവാക്കാം.

കുടിശികയ്ക്ക് പുറമെ നികുതി വെട്ടിപ്പിലൂടെ വന്‍നഷ്ടം സര്‍ക്കാരിന് ഉണ്ടായിക്കൊണ്ടിരിക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2001-02 വര്‍ഷത്തില്‍ 500 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് ഈയിനത്തില്‍ സര്‍ക്കാരിനുണ്ടായത്.

ആഡംബര ഹോട്ടലുകള്‍, സ്വര്‍ണവിപണി, തോട്ടം മേഖല തുടങ്ങിയ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് കിട്ടേണ്ട വരുമാനം ലഭിക്കുന്നില്ല. ഇത് ലഭ്യമാക്കിയാല്‍ ഈയിനത്തില്‍ വന്‍തുക സര്‍ക്കാരിന് കണ്ടെത്താനാവും. സ്വര്‍ണ വിപണിയില്‍ നിന്ന് 32 കോടി രൂപയാണ് വര്‍ഷത്തില്‍ വരുമാനമായി ലഭിക്കുന്നത്. ഇതിന്റെ അഞ്ചോ ആറോ മടങ്ങ് യഥാര്‍ഥത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടതാണ്.

എഡിബിയില്‍ നിന്നും വായ്പയെടുക്കുന്നതിന് പകരം സഹകരണ, വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ രവിമാമന്‍ നിര്‍ദേശിക്കുന്നു. എഡിബി വായ്പ ഭാവിയില്‍ കേരളത്തിന്റെ ജനാധിപത്യത്തിന്റെ വേരുകളില്‍ തന്നെ ആഘാതമേല്പിയ്ക്കുമെന്നും രവി മാമന്‍ പറയുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിയ്ക്കുന്ന സര്‍ക്കാര്‍ പദ്ധതികളുടെ ആധുനിക വല്ക്കരണവും സാമ്പത്തിക പരിഷ്കാരങ്ങളും എല്ലാം എഡിബി നിര്‍ദേശമനുസരിച്ചുള്ളതാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X