വിജിലന്‍സും വൈദ്യുതി ബോര്‍ഡും വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഫയല്‍ വിവാദത്തെ കുറിച്ച് അന്വേഷിച്ച ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വിജിലന്‍സും വൈദ്യുതി ബോര്‍ഡും പ്രശ്നത്തില്‍ വീഴ്ച വരുത്തിയെന്ന് കുറ്റപ്പെടുത്തുന്നതായി അറിയുന്നു.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ രേഖാമൂലം വൈദ്യുതി ബോര്‍ഡിനോട് ഫയല്‍ ആവശ്യപ്പെടുന്നതില്‍ വിജിലന്‍സ് വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഫയലുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതില്‍ വൈദ്യുതി ബോര്‍ഡും വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മയെയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം. മനോഹരനെയും ഒരുമിച്ചിരുത്തി വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ആഭ്യന്തര സെക്രട്ടറി കെ. കെ. വിജയകുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂണ്‍ ഒന്ന് ബുധനാഴ്ച വൈകുന്നേരം ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. ജൂണ്‍ മൂന്ന് വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ട് പരിഗണിക്കും.

കീഴുദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളെ കുറിച്ച് ശരിയായ രീതിയില്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ വാര്‍ത്താസമ്മേളനത്തില്‍ കേസു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഫയല്‍ കിട്ടാതായപ്പോള്‍ രേഖാമൂലം വിജിലന്‍സിന് ആവശ്യപ്പെടാമായിരുന്നു. ഫയലുകള്‍ ആവശ്യപ്പെട്ട നിലക്ക് അത് നല്‍കാനുള്ള ബാധ്യത വൈദ്യുതി ബോര്‍ഡിനുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ നടപടിയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. റിപ്പോര്‍ട്ടില്‍ വൈദ്യുതി ബോര്‍ഡിനോട് മൃദുസമീപനം കാണിച്ചുവെന്ന് അവര്‍ക്കും പരാതിയുണ്ട്. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ആറു വര്‍ഷത്തോളം ജൂനിയറായ ഐഎഎസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തിച്ചതിലും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്