എന്‍സിഐക്കു കേഡര്‍ സ്വഭാവം വേണം: മുരളി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേഡര്‍ സ്വഭാവമുള്ള ഒരു മുന്നണിയിലേക്കാണ് പോകുന്നത് എന്നതിനാല്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ്ക്കും ഇനി അല്‍പ്പം കേഡര്‍ സ്വഭാവം വേണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ദിര സംസ്ഥാന ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുന്ന തരത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി അധപതിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ നിയമിക്കാന്‍ റഷ്യയിലിരിക്കുന്ന സോണിയയെ ചുമതലപ്പെടുന്ന പ്രമേയം തിരുവനന്തപുരത്തിരുന്ന് പാസാക്കാനാണ് തീരുമാനം. സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയാതിരുന്ന സോണിയാഗാന്ധിയെയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇപ്പോള്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഭാരതപ്പുഴയിലെ വെളളം പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. ഭാരതപ്പുഴയില്‍ നിന്നും മണലൂറ്റിയെടുത്ത് ഇപ്പോള്‍ പുഴയില്ലാതായി. അതുപോലെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ സത്തയൂറ്റിയെടുത്ത് കോണ്‍ഗ്രസ് തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ്.

വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കരിമണല്‍ ലോബിയുടെ ഔദ്യോഗിക വിധേയനെന്ന് വിളിച്ച വി.എം. സുധീരന് പാര്‍ട്ടി അച്ചടക്കം ബാധകമല്ലേ? ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണം.

തദ്ദേശ സ്വയംഭരണ മന്ത്രിയെ അവധിയെടുപ്പിച്ച് ലക്ഷങ്ങളുടെ അഴിമതിയാണ് ആ വകുപ്പില്‍ നടത്തുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലേലം ചെയ്യുകയാണ്. ഇതിനായി രണ്ടു കോടി രൂപ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വാങ്ങിയതായാണ് സൂചന. ഇതിന്റെ പങ്ക് പറ്റാനാണ് ധനമന്ത്രി വക്കം പുരുഷോത്തമന്റെ ശ്രമം.

എന്‍സിഐ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്