സര്‍ക്കാര്‍ സ്കൂളുകള്‍ എഡ്യൂസാറ്റ് മുഖേന ബന്ധിപ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളും ഹൈസ്കൂളുകളും എഡ്യൂസാറ്റ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കുന്ന ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനവും കേരളമാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി മുഴുവന്‍ സര്‍ക്കാര്‍ സ്കൂളിലും നടപ്പാക്കും. ഇതിന് അനുമതി ലഭിക്കാനായി കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഐഎസ്ആഒ അംഗീകരിച്ചിട്ടുള്ള എഡ്യൂസാറ്റിനു കീഴില്‍ പിന്നോക്കപ്രദേശങ്ങളിലെ സ്കൂളുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിര്‍ച്വല്‍ ക്ലാസ്റൂം ടെക്നോളജി പദ്ധതിയുടെ ആദ്യഘട്ടപ്രവര്‍ത്തനത്തില്‍ തന്നെ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മൂന്നാവാരം ഈ പദ്ധതി ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. ജൂലൈ 18ന് കേരളാസന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതിയെക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്തിക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയായിരിക്കും പദ്ധതിയുടെ പ്രാരംഭഘട്ടം. ഇതിനായി എല്ലാ ജില്ലകളിലും എഡ്യൂസാറ്റ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും.

വിര്‍ച്വല്‍ ക്ലാസ് റൂം പരിശീലനത്തിന് റിസീവ് ഓണ്‍ലി ടെര്‍മിനല്‍ വഴി പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ 50 സര്‍ക്കാര്‍ സ്കൂളുകളില്‍ സംവിധാനമൊരുക്കും. ഇതുപ്രകാരമുള്ള ആദ്യഘട്ടത്തില്‍ സി-ഡിറ്റ്, എസ്ഐഇടി എന്നിവ വഴി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിദ്യാഭ്യാസപരിപാടികള്‍ സംപ്രേഷണം ചെയ്യും.

അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ എല്ലാ ജില്ലകളിലും എഡ്യൂസാറ്റ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്