നിയമസഭാ സമ്മേളനം തുടങ്ങി
തിരുവനന്തപുരം: 11-ാം നിയമസഭയുടെ 12-ാം സമ്മേളനം ജൂലൈ നാല് തിങ്കളാഴ്ച തുടങ്ങി. സഭയിലെ സിപിഎം അംഗമായിരുന്ന അന്തരിച്ച ടി. കെ. ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ടി. കെ. ബാലന്‍ മികച്ച സംഘാടകനും പ്രാസംഗികനും പാര്‍ലമെന്റേറിയനുമായിരുന്നുവെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അനുസ്മരിച്ചു. വിവിധ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ബാലന്റെ ലാളിത്യവും സത്യസന്ധതയും പ്രതിബദ്ധതയും ആരെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വീസ് സംഘടനകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടും. സൗഹൃദങ്ങളെ വിലമതിക്കാറുണ്ടായിരുന്ന ബാലന്‍ എല്ലാറ്റിനുമപ്പുറം ഒരു മാതൃകാ ജനസേവകനായിരുന്നു.
ബാലന്‍ താന്‍ നിലകൊള്ളുന്ന ആശയങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ബാലന്റെ വിയോഗം കമ്യൂണിസ്റ് പാര്‍ട്ടിക്കു മാത്രമല്ല, ജനാധിപത്യ പ്രസ്ഥാനത്തിന് ഒട്ടാകെയുണ്ടായ നഷ്ടമാണ്.
പി. കെ. കുഞ്ഞാലിക്കുട്ടി, കെ. പി. രാജേന്ദ്രന്‍, കെ. എം. മാണി, സി. കെ. നാണു, കെ. ആര്‍. ഗൗരിയമ്മ, എ. എ. അസീസ്, ബാബു ദിവാകരന്‍, ആര്‍. ബാലകൃഷ്ണപിള്ള, കെ. സി. ജോസഫ്, എം. വി. രാഘവന്‍ എന്നിവരും അനുസ്മരണ പ്രസംഗം നടത്തി.












Click it and Unblock the Notifications