കന്യാസ്ത്രീകളും വൈദികരും എന്‍റോള്‍ ചെയ്തു
കൊച്ചി: ഏറെനാള്‍ നീണ്ട നിയമയുദ്ധത്തനുശേഷം കേരളീയരായ രണ്ട് കന്യാസ്ത്രീകളും ആറ് വൈദികരും അഭിഭാഷകരായി എന്‍റോള്‍ ചെയ്തു.
വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരാകാന്‍ പാടില്ലെന്ന ബാര്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ രണ്ടുവര്‍ഷത്തോളം നിയമയുദ്ധം നടത്തിയാണ് ആറു പേരും അഭിഭാഷകരാവുക എന്ന ലക്ഷ്യത്തിലെത്തിയത്.
തിരുവനന്തപുരം വലിയ വേളിയിലെ മെഡിക്കല്‍ സിസ്റേഴ്സ് ഓഫ് അസീസിയിലെ സിസ്റര്‍ ടെസ്സിയാണ് ഈ നിയമയുദ്ധത്തന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ ടെസ്സി അഭിഭാഷകനായി 2004 നവംബറിലാണ് ബാര്‍കൗണ്‍സിലിനെ സമീപിച്ചത്. എന്നാല്‍ ബാര്‍കൗണ്‍സില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും അഭിഭാഷക വൃത്തി ചെയ്യാന്‍ പാടില്ലെന്ന് അറിയിക്കുകയായിരുന്നു. സന്യാസ ജീവിതം ഒരു തൊഴിലാണെന്നതായിരുന്നു ബാര്‍കൗണ്‍സില്‍ ഈ നിരോധനത്തിനു നല്‍കിയ വിശദീകരണം.
എന്നാല്‍ പിന്നീട് ഇരിങ്ങാലക്കുട ഇടക്കുളം സെന്റ് സെബാസ്റ്യന്‍സ് പള്ളിയിലെ ഫാ. തോമസ് പുതുശ്ശേരിയും ചേര്‍ത്തല മണപ്പുറം ലിറ്റില്‍ഫ്ലവര്‍കോണ്‍വെന്റിലെ സിസ്റര്‍ ടീനാ ജോസും ഇതേ ആവശ്യവുമായി ബാര്‍കൗണ്‍സിലിനെ സിമീപിച്ചു. അപ്പോഴും കൗണ്‍സിലിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
ബാര്‍കൗണ്‍സില്‍ തീരുമാനത്തിനെതിരെ ടീന കോടതിയെ സമീപിക്കുകയും എറണാകുളത്തെ അഡ്വ. വില്‍സണ്‍ ഉറുമീസ് വഴി നിയമയുദ്ധം തുടങ്ങുകയും ചെയ്തു. പൗരോഹിത്യം ഒരു ജീവിതരീതിയാണെന്നും അതൊരു തൊഴില്‍ മേഖലയല്ലെന്നും പരാതിക്കാര്‍ വാദിച്ചു. അങ്ങനെയാണ് 2005 ല്‍ വൈദികരെയും കന്യാസ്ത്രീകളെയും അഭിഭാഷക വൃത്തിയില്‍നിന്നും മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ലാഭക്കൊതിയില്ലാതെ ഈ രംഗത്തേക്കു കടന്നുവരുന്ന ഇവരെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നുമുള്ള ജസ്റിസ് ബാലകൃഷ്ണന്റെ വിധി വന്നത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡിവിഷന്‍ബഞ്ചിനെ സമീപിച്ചതുകാരണം എന്‍റോള്‍ ചെയ്യാനുള്ള അനുമതി ലഭിച്ചില്ല. എന്നാല്‍ ഇതും കോടതി തള്ളിയതോടെയാണ് അഭിഭാഷകരാകാനുള്ള അനുമതി ഇവര്‍ക്കു ലഭിച്ചത്.
ഐ എ എസ് രാജിവച്ച് കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അല്‍ഫോന്‍സ് കണ്ണന്താനം, ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.സലിം തുടങ്ങിയവരും ഞായറാഴ്ച എറണാകുളത്തുനടന്ന ചടങ്ങില്‍ അഭിഭാഷകരായി.












Click it and Unblock the Notifications