ക്വാര്‍ട്ടറില്‍ ഇറ്റലി ഉക്രൈനെ നേരിടും
കൊളോണ്‍: 18--ാം ലോകകപ്പില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെ വീഴ്ത്തി ഉക്രൈന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തിങ്കളാഴ്ച ആദ്യം നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആസ്ത്രേല്യയെ തോല്പിച്ച ഇറ്റലിയാണ് ക്വാര്‍ട്ടറില്‍ ഉക്രൈന്റെ എതിരാളികള്‍.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് വിജയിയെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് പരീക്ഷിക്കപ്പെട്ടത്. 3-0നാണ് ഉക്രൈന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചു കയറിയത്. ആദ്യ നാല് കിക്കുകളില്‍ മൂന്നും ഉക്രൈന്‍ ഗോളാക്കിയപ്പോള്‍ സ്വിറ്റ്സര്‍ലാന്റ് മൂന്ന് കിക്കും പാഴാക്കി.
ഒറ്റ ഗോള്‍ പോലും വഴങ്ങാതെ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റ്സര്‍ലാന്റിനെ ഉക്രൈന്‍ കടുത്ത പ്രതിരോധത്തിലൂടെ തളച്ചിട്ടു. സ്വിറ്റ്സര്‍ലാന്റും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.
തിങ്കളാഴ്ച നടന്ന ആദ്യത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇഞ്ച്വറി ടൈമിലെ വിവാദ പെനാല്‍റ്റി കിക്കിലൂടെയാണ് ഇറ്റലി ആസ്ത്രേല്യയെ തോല്പിച്ചത്. രണ്ടാം പകുതിയില്‍ ആസ്ത്രേല്യക്ക് മുന്നില്‍ നിഷ്പ്രഭരായ ഇറ്റലിക്ക് അവസാന നിമിഷം ഭാഗ്യം തെളിയുകയായിരുന്നു. പെനാല്‍റ്റി കിക്ക് ഗോളാക്കിയ ടോട്ടി ഇറ്റലിയുടെ വിജയനിമിഷം സൃഷ്ടിച്ചു.
പെനാല്‍റ്റി തീരുമാനത്തിനെതിരെ ആസ്ത്രേല്യന്‍ കളിക്കാര്‍ ശക്തമായി വാദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാം പകുതിയില്‍ പത്ത് കളിക്കാരെ വച്ച് കളിക്കേണ്ടി വന്ന ഇറ്റലി പലപ്പോഴും ഭാഗ്യം കൊണ്ടാണ് ആസ്ത്രേല്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.












Click it and Unblock the Notifications