പ്രസംഗ വേദിയ്ക്കരികിലെ സ്ഫോടനം ഐജി അന്വേഷിക്കും
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പങ്കെടുത്ത വേദിയ്ക്കരികില്‍ സ്ഫോടനം നടന്ന സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ദക്ഷിണമേഖലാ ഐജി അരുണ്‍ കുമാര്‍ സിന്‍ഹയെ ചുമതലപ്പെടുത്തി.
സിന്‍ഹയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്താനാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി രമണ്‍ ശ്രീവസ്തവ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഈ സംഭവത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ ബുധനാഴ്ച സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഉഗ്രശേഷിയുള്ള തോട്ട പൊലീസിന്റെ സയന്റിഫിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും ലഭിച്ച മണല്‍, പേപ്പര്‍, നൂല് എന്നിവ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം സയന്റിഫിക് വിഭാഗം അസിസ്റന്റ് ഡയറക്ടര്‍ സോമരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കാനായി ബുധനാഴ്ച വൈകീട്ട് മല്ലപ്പള്ളിയിലെ വെണ്ണികുളത്ത് നടത്തിയ യുഡിഎഫ് യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാനായി വേദിയിലേയ്ക്കെത്തിയപ്പോള്‍ പ്രസംഗവേദിയുടെ എതിര്‍വശത്ത് ഒഴിഞ്ഞു കിടന്ന ഭാഗത്താണ് സ്ഫോടക വസ്തു വീണ് പൊട്ടിയത്.












Click it and Unblock the Notifications