കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണനോട്‌ മടങ്ങാന്‍ വെളിയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ സിപിഐ ഓഫീസില്‍ അതിക്രമം കാട്ടിയ ദൗത്യസംഘത്തിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനത്തിന്‌ ഇടതുമുന്നണി ഏകോപനസമിതിയില്‍ സിപിഐ തെളിവുകള്‍ ഹാജരാക്കും.

നഗ്നമായ കൈയേറ്റവും നിയമലംഘനവും നടത്തിയതിന്റെ ഉദാഹരണങ്ങള്‍ ഇടുക്കിയിലെ പാര്‍ട്ടിഘടകങ്ങളെക്കൊണ്ട്‌ പരസ്യപ്പെടുത്തിയശേഷം ഈ കാര്യങ്ങള്‍ അടുത്ത എല്‍ഡിഎഫ്‌ യോഗത്തില്‍ ശക്തമായി ഉന്നയിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന് പാര്‍ട്ടി എക്സിക്യൂട്ടീവിന്റെ തീരുമാനം.

ഞായറാഴ്ച സിപിഐ സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്നതിനുശേഷവും ദൗത്യസംഘത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ന്യായീകരിച്ചതോടെ ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ്‌ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ വിവേചനരഹിതമായ പിന്തുണയും സിപിഐ പ്രതിനിധികളായ മന്ത്രിമാരുടെ നിഷ്ക്രിയത്വവും മുതലെടുത്താണ്‌ സിപിഐ ഓഫീസിനു നേരെ അതിക്രമം കാട്ടാന്‍ ദൗത്യസംഘം തയ്യാറായതെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

1958-ല്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കാലത്താണ്‌ മൂന്നാറില്‍ പാര്‍ട്ടി ഓഫീസ്‌ നില്‍ക്കുന്ന സ്ഥലം വാങ്ങിയത്‌. അന്നു സി.പി.ഐയിലുണ്ടായിരുന്ന മുഖ്യമന്ത്രിക്കും നേരിട്ടറിയാവുന്ന കാര്യമാണ്‌. അവിടെ തൊഴിലാളികളില്‍ നിന്നും പിരിച്ച പണം കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചത്.

ദൗത്യസംഘ പൊളിച്ചതുമൂലം കെട്ടിടത്തിന്‌ സാരമായ ക്ഷതം പറ്റിയിട്ടുണ്ട്‌. 1958-ല്‍ സ്ഥലം വാങ്ങുന്ന സമയത്തുതന്നെ ഈ ഭൂമിയില്‍ കെട്ടിടം ഉണ്ടായിരുന്നുവെന്നും അതു പൊളിച്ചുനീക്കിയശേഷമാണ്‌ പുതിയ കെട്ടിടം പാര്‍ട്ടി നിര്‍മിച്ചതെന്നും യോഗത്തില്‍ പലരും ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്‌ മന്ത്രിമാര്‍ യോഗത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കും നടപടികള്‍ക്കും മറുപടി നല്‍കുന്നതില്‍ മന്ത്രിമാരെന്ന നിലയില്‍ തങ്ങള്‍ക്കുള്ള പരിമിതി മനസ്സിലാക്കണമെന്നും പാര്‍ട്ടിതന്നെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമാണ് മന്ത്രിമാരുടെ അഭിപ്രായം.

പാര്‍ട്ടി ഓഫീസില്‍ അതിക്രമം കാട്ടിയതിലുള്ള പ്രതിഷേധം അടുത്ത എല്‍ഡിഎഫ്‌ യോഗത്തില്‍ ശക്തിയായി അവതരിപ്പിക്കണമെന്നും അതിനുമുന്പ് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട്‌ പ്രതിഷേധം അറിയിക്കണമെന്നും തിങ്കളാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.

പാര്‍ട്ടിയുടെ പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കുമ്പോള്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്‌ സി.പി.ഐ എതിരാണ്‌ എന്ന പ്രതീതി ഉണ്ടാകാതെ നോക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X