കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദവും സംസ്കൃതവും അറിയില്ലെന്ന് തന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ രണ്ടു തവണ തന്ത്രിയായിരുന്ന കണ്‌ഠരര്‌ മോഹനര്‌ സംസ്‌കൃതവും വേദങ്ങളും പഠിച്ചിട്ടില്ല. ഗണപതിയുടെ ജന്മനാളും ഭാഗ്യസൂക്തവും തനിക്ക്‌ അറിയില്ലെന്നും മുന്‍ തന്ത്രി സമ്മതിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ജസ്റ്റിസ്‌ കെ.എസ്‌ പരിപൂര്‍ണന്‍ കമ്മിഷന്‌ മുമ്പാകെയാണ്‌ കണ്‌ഠരര്‌ മോഹനരുടെ ഈ കുമ്പസാരം. സാക്ഷിവിസ്‌താരത്തിന്റെ ഭാഗമായാണ്‌ മോഹനര്‌ തിങ്കളാഴ്‌ച കമ്മിഷന്റെ മുമ്പിലെത്തിയത്‌.

ശബരിമലയില്‍ മേല്‍ശാന്തി നിയമനത്തിന്‌ അഭിമുഖം നടത്തിയ സംഘത്തില്‍ മോഹനരുണ്ടായിരുന്നു. സംസ്‌കൃതത്തിന്‌ 20 മാര്‍ക്കാണുളളത്‌. അഭിമുഖം നടത്താന്‍ സംസ്‌കൃതം അറിയുമോയെന്ന്‌ കമ്മിഷന്റെ ചോദ്യത്തിന്‌ ഇല്ലെന്നായിരുന്നു മോഹനരുടെ മറുപടി.

ജസ്റ്റിസ്‌ കെ. എസ്‌. പരിപൂര്‍ണന്‍റെ പല ചോദ്യങ്ങള്‍ക്കും മോഹനരില്‍ നിന്ന്‌ ഉത്തരമുണ്ടായില്ല. ജസ്റ്റിസ്‌ ബി. എം. തുളസീദാസ്‌ കൂടി പങ്കെടുത്ത വിസ്താരത്തിന്‍റെ പ്രസക്‌ത ഭാഗങ്ങള്‍:

കമ്മിഷന്‍: ശബരിമലയിലെ പൂജയും കാര്യങ്ങളുമൊക്കെ വേണ്ടവിധമാണോ നടക്കുന്നത്‌?

മോഹനര്‌: കുഴപ്പമില്ലാതെ നടക്കുന്നുണ്ട്‌.

കമ്മിഷന്‍: താങ്കള്‍ക്കു സംസ്കൃതം അറിയുമോ?മോഹനര്‌: ഇല്ല.

കമ്മിഷന്‍: ദേവസ്വം ബോര്‍ഡിലെ ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ താങ്കള്‍ വിദഗ്ധാംഗമായിയിരുന്നല്ലോ? സംസ്കൃതം അറിയാതെ എങ്ങനെയാണു സംസ്കൃതത്തിന്‌ മാര്‍ക്കിട്ടത്‌?

മോഹനര്‌: ഞാന്‍ മന്ത്രങ്ങളൊക്കെയാണു ചോദിച്ചത്‌. മാര്‍ക്കിട്ടത്‌ പൂജാകാര്യങ്ങള്‍ക്കാണ്‌; സംസ്കൃതത്തിനല്ല.

കമ്മിഷന്‍: അപ്പോള്‍ സംസ്കൃതത്തിനുള്ള 20 മാര്‍ക്ക്‌ ആരാണ്‌ ഇട്ടത്‌?

മോഹനര്‌: ഞാനല്ല.

കമ്മിഷന്‍: താങ്കള്‍ തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെ പഠിച്ചിട്ടുണ്ടോ?

മോഹനര്‌: ഞങ്ങള്‍ പാരമ്പര്യമായിട്ട്‌....

കമ്മിഷന്‍: പാരമ്പര്യമൊക്കെ ശരി തന്നെ. അച്ഛന്‍ രാജാവാണെന്നു കരുതി മകനും അങ്ങനെയാവണമെന്നു നിര്‍ബന്ധമില്ലല്ലോ? തന്ത്രവിദ്യകളൊക്കെ പഠിച്ചിട്ടുണ്ടോ എന്നതാണ്‌ ചോദ്യം.

(കൃത്യമായ ഉത്തരം നല്‍കുന്നില്ല)

കമ്മിഷന്‍: വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ?

മോഹനര്‌: ഇല്ല.

കമ്മിഷന്‍: വേദ മന്ത്രങ്ങള്‍ അറിയാമോ?

മോഹനര്‌: ഇല്ല.

കമ്മിഷന്‍: പുരുഷസൂക്‌തം അറിയുമോ?

മോഹനര്‌: അറിയാം.

കമ്മിഷന്‍: അത്‌ വേദമന്ത്രമാണെന്ന്‌ അറിയില്ലേ?

മോഹനര്‌: ഞാന്‍ വേദം ആധികാരികമായി പഠിച്ചിട്ടില്ല.

കമ്മിഷന്‍: ഭാഗ്യസൂക്‌തം അറിയുമോ?

മോഹനര്‌: അറിയില്ല.

കമ്മിഷന്‍: പിന്നെ എന്തറിയാം?

മോഹനര്‌: മന്ത്രങ്ങളും ധ്യാനങ്ങളുമൊക്കെ അറിയാം.

കമ്മിഷന്‍: എന്തുകൊണ്ട്‌ ഭാഗ്യസൂക്‌തമൊന്നും മനസിലാക്കിയില്ല?

മോഹനര്‌: ശബരിമലയില്‍ അത്തരം മന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പൂജകളൊന്നുമില്ല.

കമ്മിഷന്‍: അവിടെ ഗണപതി ഹോമവും പൂജയുമൊന്നും നടത്താറില്ലേ?

മോഹനര്‌: ഉണ്ട്‌. ഞാന്‍ തന്നെയാണ്‌ നടത്തുന്നത്‌.

കമ്മിഷന്‍: ഭാഗ്യസൂക്‌തം അറിയാതെ എങ്ങനെയാണു ഗണപതിഹോമം നടത്തുന്നത്‌?

മോഹനര്‌: അത്‌ മന്ത്രങ്ങളൊക്കെ ഉപയോഗിച്ച്‌....(ചില മന്ത്രഭാഗങ്ങളൊക്കെ ചൊല്ലുന്നു). (അദ്ദേഹത്തിനു മന്ത്രങ്ങളൊക്കെ അറിയാമെന്നും പേര്‌ ചോദിച്ചപ്പോള്‍ മനസിലാകാത്തതാണെന്നും മോഹനരുടെ അഭിഭാഷകന്‍).

കമ്മിഷന്‍: മോഹനര്‌ പറഞ്ഞാല്‍ മതി..

മോഹനര്‌: കുറച്ചേ അറിയാവൂ. മന്ത്രം തെറ്റായി ചൊല്ലാന്‍ പാടില്ലെന്ന്‌ എനിക്കറിയാം.

കമ്മിഷന്‍: ഭാഗ്യസൂക്‌തം ഗണപതി പൂജയ്ക്ക്‌ ഒഴിവാക്കാനാവാത്ത മന്ത്രവിധിയല്ലേ. എല്ലാം പോട്ടെ... ഗണപതിയുടെ നക്ഷത്രം ഏതാണ്‌?

മോഹനര്‌: അറിയില്ല.

കമ്മിഷന്‍: ആശ്ചര്യമായിരിക്കുന്നു. ഒരു മഹാക്ഷേത്രത്തിലെ ഭഗവാന്‍റെയും വിശ്വാസികളുടെയും കാര്യമാണിത്‌. കൂടുതലൊന്നും ചോദിക്കുന്നില്ല. ഇത്‌ തന്നെ ചോദിക്കണമെന്നു കരുതിയതല്ല. സാന്ദര്‍ഭികവശാല്‍ ചോദിച്ചു പോയതാണ്‌. അറിയാന്‍ താല്‍പര്യമുള്ള പല കാര്യങ്ങള്‍ ഇനിയുമുണ്ട്‌. പക്ഷേ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X