കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മന്ത്രി പറയാതെ ഫയലനങ്ങില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുളള അഭിപ്രായവ്യത്യാസം കേരളത്തെ ഭരണസ്തംഭനത്തിലേയ്ക്ക് നയിക്കുന്നു

മുഖ്യമന്ത്രിയോടുളള എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരുമായി നിസഹകരണ സമരത്തിന് ഒരുങ്ങുകയാണ് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി ഷിലാ തോമസ് അടക്കമുളള ഐഎഎസ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ രേഖാമൂലമുളള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലല്ലാതെ ഒരു ഫയലും അനക്കേണ്ടെന്നാണ് ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ രൂപപ്പെട്ട പുതിയ കാര്‍മേഘം കേരളത്തെ ഭരണസ്തംഭനത്തിലേയ്ക്കാണ് നയിക്കുന്നത്.

മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയ ഷീലാ തോമസും ഈ സംഘത്തോടൊപ്പം സജീവമായി രംഗത്തുളളത് വിഎസിനെ അമ്പരപ്പിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പോലും ഒരുവിലയും നല്‍കാതെയുളള വിഎസിന്റെ പെരുമാറ്റം ഏറെക്കാലമായി ഐഎഎസ് വൃത്തങ്ങളില്‍ അമര്‍ഷമായി പടരുകയാണ്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ചപ്പോഴുളള അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും ഉദ്യോഗസ്ഥരില്‍ കടുത്ത അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം പലമന്ത്രിമാരെയും നേരിട്ട് വിളിച്ച് വിഎസ് സ്വന്തം നിലപാട് വിശദീകരിക്കുകയും ചെയ്തു.

സര്‍ക്കാരിന് താല്‍പര്യമുളളവരെ ചീഫ് സെക്രട്ടറിയാക്കുന്നതിന് നിയമതടസമൊന്നുമില്ല. അത്തരം കീഴ്വഴക്കങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ആ നിലയ്ക്ക് സാധാരണ ഗതിയില്‍ ഐഎഎസുകാര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല.

എന്നാല്‍ മുഖ്യമന്ത്രിയോടുളള തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ് ഉദ്യോഗസ്ഥര്‍. തന്ത്രപ്രധാന സ്ഥാനങ്ങളിലുളളവര്‍ ഒരു ദിവസത്തേയ്ക്ക് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നതടക്കമുളള ആലോചനകള്‍ ഐഎഎസ് അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്.

ക്രൈസിസ് മാനേജ്മെന്റില്‍ ഇടതുമുന്നണിയുടെ പിടിപ്പുകേടായി ഈ സംഭവത്തെ കാണുന്നവരുമുണ്ട്. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെപ്പോലും പലകാരണങ്ങളാല്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. കുഴപ്പക്കാരെ ഒറ്റപ്പെടുത്തുന്നതിനു പകരം ഐഎഎസുകാരെ ആകെ എതിര്‍പക്ഷത്തു നിര്‍ത്താനാണ് പലപ്പോഴും ഇടതുമന്ത്രിമാര്‍ ശ്രമിക്കുന്നത്. അസ്ഥാനത്തുളള കമന്റുകളും പ്രസ്താവനകളും ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

രാഷ്ട്രീയമുന്നണി സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യതയാണ് ഉദ്യോഗസ്ഥ വൃന്ദത്തിനുളളത്. അതുകൊണ്ടു തന്നെ താക്കോല്‍സ്ഥാനങ്ങളില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാവും ഓരോ മുന്നണിയും ഭരണത്തില്‍ വരുമ്പോള്‍ പ്രതിഷ്ഠിക്കുക. തങ്ങളുടെ നയങ്ങളോട് ആഭിമുഖ്യമുളളവരെ കണ്ടെത്തുകയും അവരെ ഒപ്പം നിര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് മുന്നണി നേതൃത്വത്തിന്റെയും കടമയാണ്.

പലവകുപ്പിലും ഇപ്പോഴും തുടരുന്ന പഴയ മന്ത്രിമാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ്. തങ്ങള്‍ ആരെയും മാറ്റുന്നില്ലെന്ന് ആദ്യം മേനി നടിച്ചിട്ട് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഉദ്യോഗസ്ഥ സംവിധാനത്തെ തങ്ങളുടെ നയത്തിനനുസരിച്ച് നയിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ വിലാപം ചൂണ്ടിത്തരുന്നത്.

നയപരമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കേണ്ട ഉദ്യോഗസ്ഥവൃന്ദം ഇടങ്കോലിട്ടാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരും. സെക്രട്ടേറിയറ്റു മുതല്‍ വില്ലേജ് ഓഫീസു വരെ ഇത് പ്രതിഫലിക്കുകയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍ എല്ലാ കാര്യങ്ങളും മന്ത്രി പറഞ്ഞിട്ട് ചെയ്താല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ മന്ത്രി കുഴയും.

ബിനോയ് വിശ്വം പറയുന്നതു പോലെ വനംവകുപ്പിലെ കാര്യങ്ങള്‍ നടന്നാല്‍ എന്താവും ഗതിയെന്ന് മെര്‍ക്കിസ്റ്റണ്‍ വിവാദത്തോടെ നമുക്കു മനസിലായതാണ്. മന്ത്രിമാരുടെ പരിചയക്കുറവ് ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നുവെന്ന പരാതിയും വ്യാപകമായി ഉണ്ടായിരുന്നു.

പലമന്ത്രിസഭകളില്‍ നിന്നും ശരാശരി വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു നില്‍ക്കുന്ന മന്ത്രിസഭയാണ് ഇപ്പോഴുളളത്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന പഴയ മന്ത്രിമാരുടെ പ്രാഗത്ഭ്യമോ ചാതുര്യമോ ഇപ്പോഴുളളവര്‍ക്ക് തീണ്ടാപ്പാട് അകലെയാണ്. ചുരുക്കത്തില്‍ വിദ്യാസമ്പന്നായ മന്ത്രിമാര്‍ ഉണ്ടാകുന്തോറും ഭരണം കീഴോട്ടു പോവുകയാണ് കേരളത്തില്‍. ഒരു ഇടതുഭരണകാലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത വിവാദങ്ങളുടെ പുകച്ചുരുളുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും ഉയരുന്നത് മറ്റൊന്നിന്റെയും സൂചനയല്ല തന്നെ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X